ന്യൂഡൽഹി: ഇസ്രായേലിനോട് തെക്കൻ ഗസ്സ നഗരമായ റഫയിലെ സൈനിക പ്രവർത്തനങ്ങൾ ഉടൻ നിർത്താൻ വെള്ളിയാഴ്ചയാണ് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) ഉത്തരവിട്ടത്.റഫയിലെ സൈനിക നടപടി ഉടൻ നിർത്തിവെക്കണമെന്നും സൈന്യത്തെ പിൻവലിക്കണമെന്നുമായിരുന്നു ലോകകോടതിയുടെ ഉത്തരവ്.എട്ടു മാസം പിന്നിട്ട കൂട്ടക്കുരുതി നിർത്താൻ ആദ്യമായാണ് ഇത്ര കൃത്യവും വ്യക്തവുമായി ഒരു കോടതി വിധി വരുന്നത്.ദക്ഷിണാഫ്രിക്ക സമർപ്പിച്ച ഹരജിയിലാണ് ഇടക്കാല വിധി.യുദ്ധം അപ്പാടെ നിർത്തണമെന്നും ഗസ്സയിൽനിന്ന് മുഴുവനായി ഇസ്രായേൽ സൈന്യം ഒഴിഞ്ഞുപോകണമെന്നുമായിരുന്നു അവരുടെ അപേക്ഷ.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സുപ്രധാന വിധിയെ അനുകൂലിച്ച ജഡ്ജിമാരിൽ ഒരാളാണ് ഐ.സി.ജെ യിലെ ഇന്ത്യൻ പ്രതിനിധി ജസ്റ്റിസ് ദൽവീർ ഭണ്ഡാരി.ഒരു പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പടെ 15 അംഗ ജഡ്ജിമാരുടെ ഒരു കമ്മിറ്റിയാണ് ഐ.സി.ജെയെ നയിക്കുന്നത്.ഈ പതിനഞ്ച് ന്യായാധിപരിൽ ഒരാളാണ് ജസ്റ്റിസ് ദൽവീർ ഭണ്ഡാരി.ജസ്റ്റിസ് ദൽവീർ ഭണ്ഡാരി ആദ്യമായി അന്താരാഷ്ട്ര നീതിന്യായ കോടതിയിലെത്തുന്നത് 2012-ൽ യു.പി.എ. സർക്കാരിന്റെ കാലത്താണ്.
ജോർദാനിൽ നിന്നുള്ള ജസ്റ്റിസ് ഷൗക്കത്ത് അൽ-ഖസൗനേഹ് രാജി വെച്ച ഒഴിവിലേക്കായിരുന്നു ഇത് ( 2018-ൽ കാലാവധി അവസാനിക്കേണ്ടിയിരുന്ന ജസ്റ്റിസ് ഷൗക്കത്ത് 2011 ഡിസംബറിൽ രാജിവെക്കുകയായിരുന്നു). തന്റെ കന്നി മത്സരത്തിൽ ഫിലിപ്പീൻസ് പ്രതിനിധിയെ തോൽപ്പിച്ച ജസ്റ്റിസ് ദൽവീർ 2017-ൽ ബ്രിട്ടന്റെ പ്രതിനിധിയായ ജസ്റ്റിസ് ക്രിസ്റ്റഫർ ഗ്രീൻവുഡിനെയാണ് നേരിട്ടത്. 2018-2027 കാലയളവിലേക്കുള്ള ന്യായാധിപന്മാരുടെ തിരഞ്ഞെടുപ്പായിരുന്നു ഇത്.
1947-ൽ രാജസ്ഥാനിലെ ജോധ്പൂരിൽ ജനിച്ച അദ്ദേഹത്തിന് 2014-ൽ പത്മഭൂഷൺ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.സുപ്രിംകോടതിയിൽ നിരവധി സുപ്രധാന കേസുകൾ ഭണ്ഡാരി വാദിച്ചിട്ടുണ്ട്. 2005 ഒക്‌ടോബർ 28-ന് സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. പൊതുതാൽപ്പര്യ ഹർജികൾ, ഭരണഘടനാ നിയമം, ക്രിമിനൽ നിയമം, സിവിൽ നടപടിക്രമങ്ങൾ, ഭരണനിയമങ്ങൾ, കുടുംബ നിയമം,തൊഴിൽ, വ്യാവസായിക നിയമം, കോർപ്പറേറ്റ് നിയമം തുടങ്ങി കേസുകളിലായി അദ്ദേഹം നിരവധി വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.
2012 മുതൽ, സമുദ്രാതിർത്തി തർക്കങ്ങൾ, അൻ്റാർട്ടിക്കയിലെ തിമിംഗലവേട്ട, വംശഹത്യ, ഭൂഖണ്ഡാന്തര അതിർത്തി നിർണയം, ആണവ നിരായുധീകരണം, തീവ്രവാദത്തിന് ധനസഹായം നൽകൽ, പരമാധികാര അവകാശ ലംഘനം തുടങ്ങിയ സുപ്രധാന വിഷയങ്ങളിലെ എല്ലാ കേസുകളിലെയും ഐസിജെയുടെ തീരുമാനങ്ങളിൽ ഭണ്ഡാരിയും പങ്കുവഹിച്ചിരുന്നു.
ജസ്റ്റിസ് ദൽവീർ ഭണ്ഡാരി വർഷങ്ങളോളം ഇൻ്റർനാഷണൽ ലോ അസോസിയേഷൻ്റെ ഡൽഹി സെൻ്റർ അധ്യക്ഷനായിരുന്നു. സുപ്രീം കോടതിയിലേക്കുള്ള നിയമനത്തിന് മുമ്പ് അദ്ദേഹം ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനമനുഷ്ടിച്ചിരുന്നു. വിവാഹമോചനക്കേസിലെ അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ വിധി, ദാമ്പത്യത്തിൻ്റെ വീണ്ടെടുക്കാനാകാത്ത തകർച്ച വിവാഹമോചനത്തിന് കാരണമായേക്കാമെന്ന് സ്ഥാപിക്കുകയും, 1955-ലെ ഹിന്ദു വിവാഹ നിയമം ഭേദഗതി ചെയ്യുന്നതിനെ ഗൗരവമായി പരിഗണിക്കാൻ കേന്ദ്രത്തെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.ചിക്കാഗോയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയുടെ 150 വർഷത്തെ ചരിത്രത്തിൽ ആദ്യമായി 1971 ൽ അദ്ദേഹം മാസ്റ്റർ ഓഫ് ലോ നേടിയിരുന്നു.