ഹത്രസ്: ഹത്രസ് ദുരന്തത്തില്‍ ഗൂഢാലോചനയുണ്ടോ എന്നു പരിശോധിക്കുമെന്ന് മുഖ്യന്ത്രി യോഗി ആദിത്യനാഥ്. സംഭവം ജുഡീഷ്യല്‍ കമ്മിഷന്‍ പരിശോധിക്കും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ഗ്ഗരേഖയിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഹത്രസ് ജില്ലയിലെ പുല്‍റായി ഗ്രാമത്തിലാണ് പ്രാര്‍ത്ഥനാ യോഗത്തിനിടെ തിക്കിലും തിരിക്കിലും പെട്ട് 121 പേര്‍ ദാരുണമായി മരിച്ചത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ യോഗി ആദിത്യനാഥ് സന്ദര്‍ശിച്ചു. മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. നൂറോളം പേരാണ് പരുക്കുകളോടെ ചികിത്സയില്‍ കഴിയുന്നത്.
ഹരി ഭോലെ ബാബ എന്ന ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനായോഗത്തിനിടെയാണ് അപകടമുണ്ടായത്. പ്രാര്‍ത്ഥനാ യോഗത്തിന്റെ അവസാനം അനുഗ്രഹം തേടി ആളുകള്‍ തിരക്കു കൂട്ടി. തുടര്‍ന്നാണ് അപകടമുണ്ടായത്.
സമീപ ജില്ലകളില്‍ നിന്നുള്‍പ്പെടെ ആയിരങ്ങളാണ് പ്രാര്‍ത്ഥനാ യോഗത്തിന് എത്തിയത്. എന്നാല്‍, ഇത്രയും പേരെ ഉള്‍ക്കൊള്ളാനുള്ള ക്രമീകരണം സംഘാടകര്‍ നടത്തിയിരുന്നില്ല. ഇതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത്.