ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍ 2024-ന്‍മേലുള്ള അവലോകനത്തിനായി സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) യുടെ ആദ്യ യോഗം ഓഗസ്റ്റ് 22-ന് ചേരും. പാർലമെന്റ് അനക്സ് കെട്ടിടത്തിലാണ് യോഗം.
യോഗത്തിൽ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധികൾ ബില്ലിനെ കുറിച്ചും ബില്ലിൽ നിർദേശിച്ച ഭേദഗതികളെ കുറിച്ചും അംഗങ്ങളെ ധരിപ്പിക്കും. ബി.ജെ.പി അംഗം ജഗദംബിക പാലാണ് കമ്മറ്റി ചെയർമാൻ. നിയമമന്ത്രാലയത്തിന്റെ പ്രതിനിധികളും പങ്കെടുക്കും. 31 അംഗ ജെ.പി.സിയില്‍ 21 അംഗങ്ങള്‍ ലോക്സഭയില്‍നിന്നും 10 അംഗങ്ങള്‍ രാജ്യസഭയില്‍ നിന്നുമാണ്. കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് ഇരുസഭയിലും അംഗങ്ങളെ പ്രഖ്യാപിച്ചത്.ഈ മാസം ആദ്യം സമാപിച്ച പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലാണ് കേന്ദ്രസർക്കാർ വഖഫ് ഭേദഗതി ബില്ല് അവതരിപ്പിച്ചത്.
അതേസമയം, ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ബിൽ പിൻവലിക്കുകയോ സ്ഥിരം സമിതിക്ക് വിടുകയോ ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.എന്നാൽ, ഏത് പരിശോധനയ്ക്കും തയ്യാറാണെന്ന് പറഞ്ഞ കിരൺ റിജിജു, ബിൽ ജെ.പി.സിക്ക് വിടണമെന്ന് ശുപാർശ ചെയ്യുകയായിരുന്നു. തുടർന്ന് എല്ലാ പാർട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്ത് ജെ.പി.സി. രൂപവത്കരിക്കുമെന്ന് ബിൽ അവതരിപ്പിച്ച സ്പീക്കർ ഓം ബിർള ലോക്‌സഭയെ അറിയിക്കുകയാണുണ്ടായത്.