ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. മരണപ്പെട്ടവരില്‍ ഒരു ഡോക്ടറും ഉള്‍പ്പെടുന്നുണ്ട്. ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗിറിലാണ് നിര്‍മാണ സൈറ്റിലാണ് ആക്രമണമുണ്ടായത്. വെടിവെപ്പില്‍ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു.
അതേസമയം, ഗഗന്‍ഗിറില്‍ നിന്ന് പുറത്തുവരുന്ന മരണസംഖ്യ അന്തിമമല്ലെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സിലൂടെ അറിയിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്കും സ്വദേശികള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയതായി അദ്ദേഹം അറിയിച്ചു.
ഗഗന്‍ഗിറിലെ ഗുന്ദ് മേഖലയിലെ തുരങ്കനിര്‍മാണ സൈറ്റിലാണ് ആക്രമണമുണ്ടായത്. സ്വകാര്യ കമ്പനിക്കാണ് നിര്‍മാണ കരാര്‍. പ്രദേശം ഇപ്പോള്‍ പോലീസിന്റേയും സുരക്ഷാസേനയുടേയും നിരീക്ഷണത്തിലാണ്.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ആക്രമണത്തെ അപലപിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.