അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്ന് ബാനര്‍; ജമ്മു-കശ്മീര്‍ നിയമസഭയില്‍ കൈയ്യാങ്കളി

ജയിലില്‍ കഴിയുന്ന ബാരാമുള്ള ലോക്സഭാ എംപി എഞ്ചിനീയര്‍ റാഷിദിന്റെ സഹോദരന്‍ ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖ് ആണ് അനുച്ഛേദം 370 പുനഃസ്ഥാപിക്കുന്നതിനുള്ള ബാനര്‍ പ്രദര്‍ശിപ്പിച്ചത്.

author-image
Vishnupriya
New Update
pa

ശ്രീനഗര്‍: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി നൽകുന്ന ഭരണഘടനാ അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബാനര്‍ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ ജമ്മു കാശ്മീര്‍ നിയമസഭയില്‍  കൈയ്യാങ്കളി. ജയിലില്‍ കഴിയുന്ന ബാരാമുള്ള ലോക്സഭാ എംപി എഞ്ചിനീയര്‍ റാഷിദിന്റെ സഹോദരന്‍ ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖ് ആണ് അനുച്ഛേദം 370 പുനഃസ്ഥാപിക്കുന്നതിനുള്ള ബാനര്‍ പ്രദര്‍ശിപ്പിച്ചത്. പിന്നാലെസംഘര്‍ഷം ആരംഭിച്ചു.

ബി.ജെ.പി എം.എല്‍.എയും പ്രതിപക്ഷ നേതാവുമായ സുനില്‍ ശര്‍മ പ്രമേയത്തിന്മേല്‍ സംസാരിച്ചുകൊണ്ടിരിക്കെ, ലാംഗേറ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അവാമി ഇത്തേഹാദ് പാര്‍ട്ടി എം.എല്‍.എ ആയ ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖ് ബാനര്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇതുകണ്ട ബിജെപി അംഗങ്ങള്‍ ബാനര്‍ തട്ടിയെടുക്കുകയും ചുരുട്ടിയെറിയുകയും ചെയ്തു.

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി തിങ്കളാഴ്ച ആരംഭിച്ച അഞ്ച് ദിവസത്തെ നിയമസഭാ സമ്മേളനത്തിനിടെയാണ് സംഭവം. ഇതിനെ തുടര്‍ന്ന് എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്പീക്കര്‍ സമ്മേളനം താല്‍കാലികമായി നിര്‍ത്തിവെച്ചു.

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിന് ഭരണഘടനാപരമായ സംവിധാനം രൂപവത്കരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ബുധനാഴ്ച പാസ്സാക്കിയിരുന്നു. സമ്മേളനം ആരംഭിച്ചയുടനെ ഇതിനെച്ചൊല്ലി ബിജെപി അംഗങ്ങള്‍ നിയമസഭയില്‍ ബഹളമുണ്ടാക്കി.

jammu kashmir article 370