റാഞ്ചി: ഝാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിക്ക് ജൂൺ 28നാണ് ജാമ്യം ലഭിച്ചത്. അഞ്ച് മാസത്തെ തടവിന് ശേഷം ഝാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുഭവിച്ചത്.
നിലവിലെ മുഖ്യമന്ത്രി ചമ്പൈ സോറൻ ചൊവ്വ, ബുധൻ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്ന പരിപാടികൾ മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനം ഹേമന്ത് സോറൻ വീണ്ടും ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്.
ഇദ്ദേഹത്തെ കഴിഞ്ഞ ജനുവരിയിലാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് സോറനെതിരെ ഇ.ഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്.