മുംബൈ: ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിൻ്റെ ഭാര്യ അനിതാ ഗോയൽ അന്തരിച്ചു.വ്യാഴാഴ്ച പുലർച്ചയോടെയായിരുന്നു അന്ത്യം.മുബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കാൻസർ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അനിതാ ഗോയൽ.ജെറ്റ് എയർവേസിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റുമായിരുന്നു അനിതാ ഗോയൽ .
2015 മുതൽ ജെറ്റ് എയർവേസിന്റെ നോൺ-എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റായെങ്കിലും ഡയറക്ടർ ബോർഡിൻ്റെ ഭാഗമായി തുടർന്നു.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന് കഴിഞ്ഞയാഴ്ച ബോംബെ ഹൈക്കോടതി മെഡിക്കൽ കാരണങ്ങളാൽ രണ്ട് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.ഭാര്യയും താനും ക്യാൻസർ ബാധിതരാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നരേഷ് ഗോയൽ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
താനും ഭാര്യ അനിതാ ഗോയലും ക്യാൻസർ ബാധിതരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോയൽ ഇടക്കാല ജാമ്യം തേടിയത്. ഗോയലിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ ഗൗരവമുള്ളതാണെന്നും എന്നാൽ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ജാമ്യം തേടുന്നതെന്നും ഗോയലിന് വേണ്ടി ഹാജരായ അഭിഭാഷകരായ ഹരീഷ് സാൽവെ, ആബാദ് പോണ്ട, അമീത് നായിക് എന്നിവർ വാദിച്ചു. ഭാര്യ അനിത ഗോയൽ മാസങ്ങൾ മാത്രം ജീവിക്കുകയുള്ളൂവെന്നും ഡോക്ടർമാർ വിധിയെഴുതിയെന്നും ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
ജെറ്റ് എയർവേയ്‌സിന് കാനറ ബാങ്ക് നൽകിയ 538.62 കോടി രൂപ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിൽ 2023 സെപ്റ്റംബറിലാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്തത്. 2023 നവംബറിൽ അന്വേഷണ ഏജൻസി കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഭാര്യ അനിത ഗോയൽ അറസ്റ്റിലായെങ്കിലും പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് അന്നുതന്നെ പ്രത്യേക കോടതി അവർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.