തിരുവനന്തപുരം: ജസ്‌ന തിരോധാന കേസിൽ നേരിട്ട് ഹാജരാകാൻ സിബിഐ അന്വേഷണ ഉദ്യോഗസ്ഥരോട് തിരുവനന്തപുരം സിജെഎം കോടതി. ജസ്നയുടെ പിതാവ് ജെയിംസ് നൽകിയ ഹർജിയിലാണ് കോടതി നിർദേശം. വീട്ടിൽ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു.
എന്നാൽ അത്തരമൊരു വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നായിരുന്നു സിബിഐയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ മറുവാദം.ഇക്കാര്യത്തിൽ അടക്കം വിശദീകരണം നൽകാനാണ് നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകാൻ കോടതി നിർദ്ദേശം നൽകിയത്.
സിബിഐ അന്വേഷണം കാര്യക്ഷമം അല്ലെന്നായിരുന്നു ജസ്‌നയുടെ പിതാവ് ഹർജിയിൽ ആരോപിച്ചിരുന്നത്. എന്നാൽ പിതാവിന്റെ ആരോപണങ്ങൾ തള്ളി സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സിബിഐ നൽകിയ റിപ്പോർട്ട് തള്ളമെന്ന് ജസ്നയുടെ അച്ഛൻ ജെയിംസ് ആവശ്യപ്പെട്ടിരുന്നു. ജസ്നയുടെ സുഹൃത്തുക്കളിലേക്ക് അന്വേഷണമെന്നത്തിയില്ലെന്നതുൾപ്പെടെ ചൂണ്ടികാട്ടി സിജെഎം കോടതിയിൽ ഹർജി നൽകിയത്.
പത്തനംതിട്ടയിൽ നിന്നും ജസ്നെ കാണാതായി അഞ്ചു വർഷത്തിന് ശേഷമാണ് സിബിഐ റിപ്പോർട്ട് നൽകിയത്. ജസ്നക്ക് എന്ത് സംഭവിച്ചുവെന്നറിയാൻ കഴിഞ്ഞില്ലെന്നാണ് സിബിഐ റിപ്പോർട്ട്. മതപരിവർത്തനം നടന്നതായോ, വിദേശത്തേക്ക് കടന്നതായോ തെളിയിക്കാനായില്ലെന്നും സിബിഐ പറഞ്ഞിരുന്നു.