പട്ന: കേന്ദ്രത്തിൽ നാലു കാബിനറ്റ് മന്ത്രിസ്ഥാനവും പ്രധാന മന്ത്രാലയങ്ങളും ആവശ്യപ്പെടാൻ ജനതാദൾ (യു) തീരുമാനം. റയിൽവേ, കൃഷി, വ്യവസായം, രാസവളം തുടങ്ങിയ മന്ത്രാലയങ്ങളാണ് ജെഡിയു ലക്ഷ്യമിടുന്നത്.
ലോക്സഭയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിക്കു കേവല ഭൂരിപക്ഷമില്ലാത്ത പശ്ചാത്തലത്തിൽ വിലപേശലിലൂടെ ജെഡിയു ആവശ്യങ്ങൾ നേടിയെടുക്കുകയെന്ന തന്ത്രമാണു മുഖ്യമന്ത്രി നിതീഷ് കുമാർ പ്രയോഗിക്കുന്നത്. ബിഹാറിൽ എൻഡിഎ വിജയിച്ച 30 സീറ്റുകളിൽ 12 എണ്ണം ജെഡിയുവിനാണ്.
കഴിഞ്ഞ തവണ ജെഡിയുവിന് 16 സീറ്റുകളുണ്ടായിട്ടും ഒരു കാബിനറ്റ് മന്ത്രിസ്ഥാനം മാത്രമാണു കിട്ടിയത്. ഭൂരിപക്ഷത്തിനു സഖ്യകക്ഷികളെ ആശ്രയിക്കേണ്ടാത്തതിനാൽ കേന്ദ്രമന്ത്രിസഭയിൽ നാമമാത്ര പ്രാതിനിധ്യം നൽകിയാൽ മതിയെന്നായിരുന്നു രണ്ടാം മോദി സർക്കാരിൽ ബിജെപി നിലപാട്.