പാട്‌ന: ഭരണത്തിലിരിക്കെ മുസ്‌ലിംകൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കുമെതിരായ ഒരു നീക്കവും അനുവദിക്കില്ലെന്ന് എൻ.ഡി.എ സർക്കാരിൽ സഖ്യകക്ഷിയായ ജെ.ഡി.യു. മുതിർന്ന ജെ.ഡി.യു നേതാവും ദേശീയ വക്താവുമായ കെ.സി ത്യാഗിയാണു നിലപാട് വ്യക്തമാക്കിയത്. ഏക സിവിൽകോഡിൽ അടിച്ചേൽപ്പിക്കൽ പാടില്ലെന്നും നിയമം നടപ്പാക്കുംമുൻപ് എല്ലാ വിഭാഗവുമായും ചർച്ച നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
അഗ്നിവീർ പദ്ധതിയിൽ ജനങ്ങളുടെ ആശങ്ക അറിയിക്കും. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ബി.ജെ.പി നിർദേശത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതാദ്യമായല്ല ജെ.ഡി.യു ബി.ജെ.പിയുമായി സഖ്യംചേരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
1998ൽ എ.ബി വാജ്‌പേയിയുടെ കാലത്തും ജെ.ഡി.യു ബി.ജെ.പിയുമായി സഖ്യത്തിലുണ്ടായിരുന്നു. ആ സർക്കാരിൽ വിവിധ വകുപ്പുകളും ജെ.ഡി.യു കൈകാര്യം ചെയ്തു. പിന്നീട് ബിഹാറിൽ എൻ.ഡി.എ സർക്കാരിൽ ഒരുപാട് വർഷം നിതീഷ് കുമാർ മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
അഗ്നിവീർ പദ്ധതിയിൽ ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ടെന്നും വിഷയത്തിൽ ചർച്ച ചെയ്തു പരിഹാരം കണ്ടെത്തുമെന്നും തെരഞ്ഞെടുപ്പിന്റെ സമയത്ത് രാജ്‌നാഥ് സിങ് വിശദീകരിച്ചതാണ്. ബി.ജെ.പിയുടെ ഒരു മുതിർന്ന നേതാവാണ് അദ്ദേഹം. വിഷയത്തിൽ ചർച്ച വരുമ്പോൾ ഞങ്ങൾ ജനങ്ങളുടെ ആശങ്കകൾ അറിയിക്കും. 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' നിർദേശവുമായി ബന്ധപ്പെട്ട് നിതീഷ് കുമാർ അന്നുതന്നെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞതാണ്. നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചിരുന്നുവെന്നും ത്യാഗി പറഞ്ഞു.