ശ്രീനഗർ: ജമ്മു-കശ്മീർ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ബുധനാഴ്ച ആരംഭിച്ചു. 26 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 3502 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയത്. നാഷണൽ കോൺഫറൻസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ താരിഖ് ഹമീദ് കാര, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്‌നയുൾപ്പെടെ ഈഘട്ടത്തിൽ ജനവിധി തേടും.
ജമ്മു-കശ്മീരിന് പ്രത്യേക പദവിനല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം പിന്‍വലിച്ചതിനുശേഷുള്ള ആദ്യ തിരഞ്ഞെടുപ്പുകൂടിയാണിത്. പത്തു വര്‍ഷത്തിനുശേഷമാണ് തിരഞ്ഞെടുപ്പ്. ഭീകരവാദ ഭീഷണിയുള്ള പൂഞ്ഛ്, രജൗരി മേഖലകൾ കനത്ത സുരക്ഷാ വലയത്തിലായിരിക്കും വോട്ട് രേഖപ്പെടുത്തുക. അവസാനഘട്ട വോട്ടെടുപ്പ് ഒക്ടോബർ ഒന്നിനാണ്. വോട്ടെണ്ണൽ എട്ടിന്.
നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും സി.പി.എമ്മും അടങ്ങുന്ന ഇന്ത്യസഖ്യവും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം. പി.ഡി.പി.യും ചെറുപാര്‍ട്ടികളും സജീവമായി മത്സരരംഗത്തുണ്ട്. പലയിടങ്ങളിലും ചതുഷ്‌കോണമത്സരമാണ്. 370-ാം അനുച്ഛേദം പിന്‍വലിച്ചതും ജമ്മു-കശ്മീരിന് സംസ്ഥാനപദവി തിരികെ ലഭിക്കണമെന്ന വാദവും പ്രചാരണവേദികളില്‍ ശക്തമാണ്.