ശ്രീനഗർ: കേന്ദ്രസർക്കാരുമായുള്ള മോശംബന്ധം ജമ്മു-കശ്മീരിന് ഗുണം ചെയ്യില്ലെന്ന് നാഷണൽ കോൺഫറൻസ് (എൻ.സി.) നേതാവ് ഒമർ അബ്ദുള്ള. നിയമസഭാ തിരഞ്ഞെടുപ്പിൽ ജയം സ്വന്തമാക്കിയതിനു പിന്നാലെ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് - കോൺഗ്രസ് സഖ്യത്തിന്റെ പ്രധാന വാഗ്ദാനമായിരുന്നു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ.
നരേന്ദ്രമോദി മാന്യനായ വ്യക്തിയാണെന്നും കശ്മീരിന് സംസ്ഥാന പദവി തിരികെ തരുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകിയതാണെന്നും ഒമർ അബ്ദുള്ള പറഞ്ഞു. ആ വാക്ക് പ്രധാനമന്ത്രി പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 'സാമ്പത്തികവും സാമൂഹികവുമായുള്ള വളർച്ചയുടെ നിർണായക ഘട്ടത്തിലാണ് കശ്മീർ. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രവുമായി കശ്മീർ സർക്കാരിന് ആരോഗ്യകരമായ ബന്ധം നിലനിൽത്താൽ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. കശ്മീർ നിർണായക ഘട്ടത്തിലായതിനാൽ ബി.ജെ.പി സർക്കാർ രാഷ്ട്രീയം കളിക്കില്ലെന്നാണ് പ്രതീക്ഷ'- അദ്ദേഹം കൂട്ടിച്ചേർത്തു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് അഞ്ചുവർഷങ്ങൾക്ക് ശേഷം ജമ്മു കശ്മീരിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് - കോൺഗ്രസ് സഖ്യം 48 സീറ്റുകളാണ് പിടിച്ചടക്കിയത്. 51 സീറ്റുകളിൽ മത്സരിച്ച നാഷണൽ കോൺഫറൻസ് 42 ഇടങ്ങളിലും 32 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ആറിടങ്ങളിലും വിജയിച്ചു. രണ്ട് സീറ്റുകളിൽ മത്സരിച്ച ഒമർ അബ്ദുള്ള ഈ രണ്ടിടത്തും വിജയിച്ചു. ബദ്ഗാം, ഗന്ദേർബാൽ മണ്ഡലങ്ങളിലായിരുന്നു ഒമർ അബ്ദുള്ള മത്സരിച്ചത്.