ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൻറെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഹരിയാനയിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോൺഗ്രസും ബിജെപിയും.ബി.ജെ.പി 44 സീറ്റിൽ മുന്നിലാണ്. 39 സീറ്റിൽ കോൺഗ്രസ് മുന്നിലുള്ളത്. നിലവിലെ സ്ഥിതിയിൽ ആര് ഹരിയാന പിടിക്കുമെന്ന് പറയാൻ കഴിയില്ല. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യം 53 സീറ്റുകളിൽ മുന്നിലാണ്. ബി.ജെ.പി 22 ഇടത്തും പി.ഡി.പി നാലിടത്തുമാണ് മുന്നിലുള്ളത്. ഇരു സംസ്ഥാനങ്ങളിലും 90 സീറ്റുകളിലാണ് മത്സരം.
ഹരിയാനയിൽ കോൺഗ്രസും ജമ്മു-കശ്മീരിൽ തൂക്കുസഭയുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിട്ടുള്ളത്. ഹരിയാനയിൽ ഒക്ടോബർ അഞ്ചിന് ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പിൽ 61 ശതമാനവും ജമ്മു-കശ്മീരിൽ സെപ്റ്റംബർ 18, 28, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടമായി നടന്ന വോട്ടെടുപ്പിൽ 63 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്.ഹരിയാനയിൽ ബി.ജെ.പി ശക്തികേന്ദ്രങ്ങളായ നഗരമണ്ഡലങ്ങളിൽ പോളിങ് കുത്തനെ താഴ്ന്നതും ബി.ജെ.പി വിരുദ്ധ മണ്ഡലങ്ങളിൽ ശക്തമായ പോളിങ് നടന്നതും 65 വരെ സീറ്റെന്ന നേട്ടത്തിലേക്ക് കോൺഗ്രസിനെ എത്തിച്ചേക്കാമെന്ന നിഗമനത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ.
ജമ്മു- കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിനാണ് മുൻതൂക്കം പ്രവചിക്കപ്പെടുന്നത്. എക്സിറ്റ്പോൾ ഫലങ്ങൾക്ക് അപ്പുറമായിരിക്കും വിജയമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല അവകാശപ്പെട്ടിരുന്നു. 370ാം വകുപ്പ് റദ്ദാക്കിയശേഷമുള്ള കശ്മീരിലെ ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിൽ ഏറെ പ്രാധാന്യമുള്ളതാണ് ഫലം. ജമ്മു-കശ്മീരിൽ തെരഞ്ഞെടുക്കപ്പെട്ട ലഫ്റ്റനന്റ് ഗവർണർക്ക് അഞ്ച് എം.എൽ.എമാരെ നാമനിർദേശം ചെയ്യാം.