ജമ്മു കാശ്മീര്‍ തിരഞ്ഞെടുപ്പ്; ബിജെപിയെ എതിര്‍ക്കുന്ന ആരുമായും സഖ്യത്തിനെന്ന് കോണ്‍ഗ്രസ്

'ബിജെപിയുടെ വര്‍ഗ്ഗീയ ധ്രുവീകരണ അജണ്ടയ്ക്ക് എതിരെ നില്‍ക്കുന്ന എല്ലാവര്‍ക്കുമായി വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു, സമാന നിലപാടുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി സഖ്യം രൂപീകരിക്കാന്‍ ശ്രമം നടത്തും,

author-image
Prana
New Update
congress jammu
Listen to this article
0.75x 1x 1.5x
00:00 / 00:00

നടക്കാനിരിക്കുന്ന ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നയങ്ങളെ എതിര്‍ക്കുന്ന ആരുമായും സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ്. 'ബിജെപിയുടെ വര്‍ഗ്ഗീയ ധ്രുവീകരണ അജണ്ടയ്ക്ക് എതിരെ നില്‍ക്കുന്ന എല്ലാവര്‍ക്കുമായി വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു, സമാന നിലപാടുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി സഖ്യം രൂപീകരിക്കാന്‍ ശ്രമം നടത്തും, ബിജെപിയെ തുടച്ചു നീക്കുകയാണ് ലക്ഷ്യം', ജമ്മു കാശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കര്‍റ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസുമായി യാതൊരു ചര്‍ച്ചകളും തന്റെ പാര്‍ട്ടി ആരംഭിച്ചിട്ടില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള പറഞ്ഞു. പാര്‍ട്ടിയില്‍ കൂടിയാലോചിച്ച ശേഷമാവും സഖ്യതീരുമാനമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. കഴിഞ്ഞ ദിവസം നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ പുനഃസ്ഥാപിക്കുകയും സംസ്ഥാന പദവി തിരികെ നല്‍കുമെന്നതുമാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. 2019 ഓഗസ്റ്റ് അഞ്ചിനാണ് രണ്ടാം മോദി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. മുമ്പ് സംസ്ഥാനമായിരുന്ന ജമ്മു കശ്മീര്‍ ഇതോടെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി മാറുകയായിരുന്നു.
രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുമെന്നും കശ്മീരി പണ്ഡിറ്റുകളെ തിരികെ കൊണ്ടുവന്ന് പുനരധിവസിപ്പിക്കുമെന്നുമാണ് മറ്റൊരു വാഗ്ദാനം. തൊഴിലിനും പാസ്‌പോര്‍ട്ടിനുമായുള്ള പരിശോധനകള്‍ ലഘൂകരിക്കും, അന്യായമായി പിരിച്ചുവിടുന്നത് അവസാനിപ്പിക്കും, റോഡുകളില്‍ ജനങ്ങളെ അനാവശ്യമായി ഉപദ്രവിക്കുന്നത് ഇല്ലാതാക്കും എന്നിവയും പ്രകടനപത്രികയില്‍ ഉള്‍പ്പെടുന്നു. യുവാക്കള്‍ക്കായി സമഗ്രമായ തൊഴില്‍ പാക്കേജാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ മറ്റൊരു ഗ്യാരന്റി. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, മുന്നോക്ക വിഭാഗത്തിലെ പിന്നോക്കമായ സ്ത്രീകള്‍ക്ക് പ്രതിമാസം 5,000 രൂപ, മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് സൗജന്യ പാചകവാതക സിലിണ്ടറുകള്‍, വിധവാ പെന്‍ഷന്‍ തുക വര്‍ധനവ് എന്നിവയും നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രകടന പത്രികയിലുണ്ട്.

assembly election congress jammu and kashmir