ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള ചന്ദ്രയാൻ -4 ന്റെ വരാനിരിക്കുന്ന ഘട്ടം പുരോഗമിക്കുകയാണെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്.ചന്ദ്രയാൻ-4ന്റെ പ്രധാന ലക്ഷ്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ചന്ദ്രയാൻ-4ന്റെ പ്രധാന ദൗത്യങ്ങളെക്കുറിച്ചും ചാന്ദ്ര ദൗത്യത്തെക്കുറിച്ചുമാണ് അദ്ദേഹം സംസാരിച്ചത്. സാറ്റ് പോൾ മിത്തൽ സ്‌കൂളിന്റെ 20-ാം വാർഷികത്തിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2040-ഓടെ ചന്ദ്രനിൽ ഒരു ബഹിരാകാശ സഞ്ചാരിയെ ഇറക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന്റെ പ്രാരംഭ മുന്നേറ്റമാണ് ചന്ദ്രയാൻ-4 എന്ന് അദ്ദേഹം പറഞ്ഞു.ഇതിനാൽ തന്നെ ചന്ദ്രനിൽ നിന്നും സാമ്പിൾ ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കേണ്ടതുണ്ട്. ഇതിനുള്ള ആദ്യ പടിയാണ് ചന്ദ്രയാൻ-4.ആദ്യ ബഹിരാകാശ സഞ്ചാരിയുടെ യാത്രയോടനുബന്ധിച്ച് രാജ്യത്ത് നിന്നും പേടകം ചന്ദ്രനിലെത്തി വിവരങ്ങൾ ശേഖരിച്ച് തിരികെയെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.റോക്കറ്റ്, സാറ്റ്ലൈറ്റ് പ്രോജക്ടുകൾ മുതൽ സാങ്കേതിക വികസനം ഉൾപ്പെടെ ഐഎസ്ആർഒ നിരവധി പദ്ധതികളിൽ പ്രവർത്തിക്കുന്നുണ്ടെന്നും സോമനാഥ് കൂട്ടിച്ചേർത്തു.
ചന്ദ്രയാൻ-4 ചന്ദ്രയാൻ-2, 3 എന്നിവയേക്കാൾ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും ഈ ദൗത്യത്തിനായി ഒന്നിലധികം ലോഞ്ചറുകളുടെ ആവശ്യമുണ്ടെന്നും അദ്ദേഹം പഞ്ഞു. സംഘത്തിന് ഭൗമ ഭ്രമണപഥത്തിലോ ചന്ദ്രൻ്റെ ഭ്രമണപഥത്തിലോ ഡോക്കിംഗ് ശേഷി ഉണ്ടായിരിക്കണമെന്നും ഡോക്കിംഗ് ദൗത്യത്തിലെ പരാജയം ദൗത്യത്തെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പിളുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഒരു ഡ്രിൽ പ്രവർത്തിപ്പിക്കാനും ഒരു സാമ്പിൾ തിരഞ്ഞെടുത്ത് കമ്പാർട്ടുമെൻ്റുകളിൽ ലോഡ് ചെയ്യാനും റോബോട്ടിക് കഴിവ് ആവശ്യമാണ്. ഒരു മൊഡ്യൂളിൽ നിന്ന് മറ്റൊരു മൊഡ്യൂളിലേക്ക് സാമ്പിളുകൾ പ്രദർശിപ്പിക്കുക എന്നതാണ് ദൗത്യത്തിൻ്റെ ലക്ഷ്യങ്ങളിലൊന്നെന്നും അദ്ദേഹം വിശദീകരിച്ചു.
വരാനിരിക്കുന്ന ചാന്ദ്ര ദൗത്യത്തിൽ അഞ്ച് ബഹിരാകാശവാഹന മൊഡ്യൂളുകൾ ഉൾപ്പെടുന്നു, റീ-എൻട്രി മൊഡ്യൂൾ (ആർഎം), ട്രാൻസ്ഫർ മൊഡ്യൂൾ, അസെൻഡർ മൊഡ്യൂൾ, ഡിസെൻഡർ മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂൾ. വിക്ഷേപണ വാഹന ഓപ്ഷനുകളായി പിഎസ്എൽവി, എൽവിഎം3 എന്നിവ ഇതിൽ ഉൾപ്പെടും- സോമനാഥ് പറഞ്ഞു.