ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും വിജയം സ്വന്തമാക്കി അധികാരത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ത്യ- ഇസ്രായേൽ ബന്ധം പുതിയ ഉയരങ്ങളിലേക്ക് ഉയർത്താൻ ഇരു രാജ്യങ്ങൾക്കും സാധിക്കട്ടെയെന്ന് നെതന്യാഹു എക്‌സിൽ കുറിച്ചു.
” തെരഞ്ഞെടുപ്പിൽ മൂന്നാമതും വിജയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ. ഇന്ത്യ- ഇസ്രായേൽ ബന്ധം തുടർന്നുകൊണ്ടുപോകാനും കൂടുതൽ ദൃഢപ്പെടുത്താനും നമുക്ക് സാധിക്കട്ടെ. ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം പുതിയ തലത്തിലേക്കെത്തിക്കാൻ ഇനിയും ഒരുമിച്ച് പ്രവർത്തിക്കാം. ആശംസകൾ. ”- ബെഞ്ചമിൻ നെതന്യാഹു കുറിച്ചു.
1992-ൽ ഇരുരാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന് ശേഷം ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.2017 ജൂലൈയിൽ അദ്ദേഹം ഇസ്രായേൽ സന്ദർശിച്ചത് വലിയ ചർച്ചയായിരുന്നു.ഇസ്രായേൽ-പലസ്തീൻ സംഘർഷവും ഒരു സന്തുലിത നടപടിയിലേക്കുള്ള ഇന്ത്യയുടെ ശ്രമങ്ങളും ഏറെ ചർച്ചയായിരുന്നു.മോദിയുമായുള്ള നെതന്യാഹുവിൻ്റെ സൗഹൃദം ഇസ്രായേലിന്റെ പ്രധാന വാർത്തകളിൽ ഇടം നേടിയിരുന്നു.
അതെസമയം ലോകരാഷ്‌ട്രങ്ങൾ ഉറ്റുനോക്കുന്നതായിരുന്നു ഇന്ത്യയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സുവും ഉൾപ്പെടെ നിരവധി ലോകനേതാക്കൾ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിക്ക് 292 സീറ്റുകളും ബിജെപിയ്‌ക്ക് 240 സീറ്റുകളും നേടാൻ സാധിച്ചു.