വെസ്റ്റ്ബാങ്കില്‍ അല്‍ ജസീറ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്. അല്‍ ജസീറയുടെ സംപ്രേക്ഷണം തടയാന്‍ ഇസ്രയേല്‍ സൈനിക മേധാവി ഹെര്‍സി ഹലേവിയോട് യോവ് ഗാലന്റ് നിര്‍ദേശിച്ചു.പ്രതിരോധ മന്ത്രിയുടെ ഉത്തരവനുസരിച്ച് ചാനലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് ഇസ്രഈല്‍ ആര്‍മി റേഡിയോ ആണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വെസ്റ്റ് ബാങ്കില്‍ മാത്രമാണോ അതോ ഫലസ്തീനില്‍ മുഴുവനായി പ്രവര്‍ത്തനം നിര്‍ത്താന്‍ പദ്ധതിയുണ്ടോ എന്ന് വ്യക്തമല്ലെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധമന്ത്രിയുടെ ഉത്തരവ് നടപ്പാക്കുമെന്ന് ഐ.ഡി.എഫ് മേധാവി പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ ഉത്തരവ് ഇതുവരെ പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അല്‍ ജസീറയും വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അല്‍ ജസീറയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ നടത്തിയ നീക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെതാണ് ചാനല്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ സൈന്യത്തിന്റെ മേധാവിക്ക് പ്രതിരോധ മന്ത്രി നിര്‍ദേശം നല്‍കിയത്. മെയ് അഞ്ചിനാണ് രാജ്യത്ത് അല്‍ ജസീറയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ മന്ത്രിസഭയില്‍ വോട്ടെടുപ്പ് നടന്നത്.
അല്‍ ജസീറ മുമ്പ് ജെറുസലേം, ടെല്‍അവീവ് എന്നിവിടങ്ങളില്‍ നിന്ന് തത്സമയ സംപ്രേക്ഷണം ചെയ്തിരുന്നു. പിന്നീട് എല്ലാ കവറേജുകളും റാമല്ലയില്‍ നിന്ന് മാത്രം നടത്താന്‍ അല്‍ ജസീറ നിര്‍ബന്ധിതരായി.