മുംബൈ: ഷാറുഖ് ഖാൻറെ മകൻ ആര്യൻ ഖാന് ലഹരിമരുന്ന് കേസിൽ ക്ലീൻ ചിറ്റ് നൽകിയ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ സിങ്ങിൻറെ അനധികൃത സ്വത്ത് സംബന്ധിച്ച് അന്വേഷണം നടത്താൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു.
1996 ൽ ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം വിആർഎസ് എടുത്തതിന് പിന്നാലെയാണ് സ്വത്ത് വിവരങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ആര്യൻ ഖാനെ ആഡംബര കപ്പലിൽ നിന്ന് അറസ്റ്റ് ചെയ്ത സമീർ വാങ്കഡയെ മാറ്റി പകരം നിയമിച്ച ഉദ്യോഗസ്ഥനാണ് സഞ്ജയ് കുമാർ സിങ്. സമീർ വാങ്കഡെക്കെതിരെ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സഞ്ജയ് കുമാർ സിങ്ങിനെ നിയമിച്ചത്.
മകന് നെരൂളിലെ ഡിവൈ പാട്ടിൽ മെഡിക്കൽ കോളജിലെ പ്രവേശനം നേടിയെടുക്കാൻ 1 കോടി 25 ലക്ഷം രൂപ ഫീസായി നൽകി, നെരൂളിൽ 4ബിഎച്ച്കെ ഫ്ലാറ്റ് ബെനാമി പേരിലുണ്ട് തുടങ്ങിയ ആരോപണങ്ങളാണ് സഞ്ജയ് കുമാർ സിങ്ങിനെതിരെ ഉയർന്നിരിക്കുന്നത്. 2025 ജനുവരി വരെ സർവീസിൽ കാലാവധി ഉണ്ടെന്നിരിക്കെയാണ് സ്വയം വിരമിക്കാൻ അപേക്ഷ നൽകിയത്. ഇത് സർക്കാർ അംഗീകരിച്ചു.