മണിപ്പുരില്‍ ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. സോഷ്യല്‍ മീഡിയകളില്‍ കൂടി വിദ്വേഷം പടര്‍ത്തുന്ന ചിത്രങ്ങളും പ്രസംഗങ്ങളും പ്രചരിപ്പിക്കുന്നത് തടയാനും വീണ്ടുമൊരു സംഘര്‍ഷത്തിലേക്ക് കടക്കാതിരിക്കാനും വേണ്ടിയാണ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് റദ്ദാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സെപ്റ്റംബര്‍ 10 വൈകിട്ട് മൂന്ന് മണിമുതല്‍ സെപ്റ്റംബര്‍ 15 വൈകിട്ട് മൂന്ന് വരേയാണ് സേവനം നിര്‍ത്തിവെക്കുന്നതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കുക്കി മെയ്തി വിഭാഗങ്ങള്‍ക്കിടയില്‍ ആഭ്യന്തര സംഘര്‍ഷം ഉടലെടുത്ത് ഒരു വര്‍ഷത്തിലേറെ ആയിട്ടും സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച മാത്രം മണിപ്പുരില്‍ 11 പേരാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച ഇംഫാലില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. വിദ്യാര്‍ഥി പ്രതിഷേധം സംഘര്‍ഷത്തില്‍ അവസാനിച്ചതോടെയാണ് ഇംഫാലിലും പരിസര പ്രദേശങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. കലാപകാരികള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.