രാഹുലിനെതിരായ അധിക്ഷേപം; കേന്ദ്രമന്ത്രിക്കെതിരേ  എഫ്‌ഐആര്‍

കര്‍ണാടക കോണ്‍ഗ്രസ് സമര്‍പ്പിച്ച പരാതിയിന്മേലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 353 (2), 192, 196 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്.

author-image
Prana
New Update
bittu
Listen to this article
0.75x 1x 1.5x
00:00 / 00:00

ബെംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളില്‍ കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. കര്‍ണാടക കോണ്‍ഗ്രസ് സമര്‍പ്പിച്ച പരാതിയിന്മേലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 353 (2), 192, 196 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയെ ഭീകരവാദിയെന്ന് കേന്ദ്രമന്ത്രി അധിക്ഷേപിച്ചിരുന്നു. രാഹുലിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ പരാമര്‍ശങ്ങളില്‍ പ്രതികരിക്കവെയായിരുന്നു അദ്ദേഹം രാഹുലിനെതിരേ രൂക്ഷഭാഷയില്‍ സംസാരിച്ചത്. രാഹുല്‍ ഗാന്ധി രാജ്യത്തെ നമ്പര്‍ വണ്‍ ഭീകരവാദിയാണെന്നും അദ്ദേഹം ഇന്ത്യക്കാരനല്ലെന്നുമായിരുന്നു മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞത്.
പഞ്ചാബില്‍ നിന്നുള്ള ബി.ജെ.പി. എം.പിയാണ് രവ്‌നീത് സിങ് ബിട്ടു. പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ബി.ജെ.പിയില്‍ ചേരുന്നത്. തുടര്‍ന്ന് മൂന്നാം മോദി മന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രിയായും ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു.
വാഷിങ്ടണിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. സിഖ് സമുദായക്കാര്‍ക്ക് തലപ്പാവും വളയും ധരിക്കാനും ഗുരുദ്വാരയില്‍ പോകാനും അനുവാദമില്ലാത്ത സാഹചര്യമാണ് ഇന്ത്യയില്‍ സംജാതമാകുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഇതിനുവേണ്ടിയാണ് പോരാട്ടമെന്നും ഇത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിനെതിരേ വന്‍ വിമര്‍ശങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

rahul gandhi union minister FIR