ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ രാജ്യത്തിനായി മെഡൽ സ്വന്തമാക്കിയ കായിക താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഒളിമ്പിക്‌സിൽ പങ്കെടുത്ത ഓരോ അത്‌ലറ്റുകളും രാജ്യത്തിന്റെ അഭിമാന താരങ്ങളാണെന്നും അത്‌ലറ്റുകളുടെ മികച്ച പ്രകടനത്തിൽ രാജ്യം സന്തോഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തിൽ പങ്കെടുത്തവർക്കും മെഡൽ ജേതാക്കൾക്കും പ്രത്യേക അഭിനന്ദനങ്ങൾ. വരും വർഷങ്ങളിലും ഇന്ത്യയിൽ നിന്നും നിരവധി കായിക താരങ്ങൾ ഒളിമ്പിക്‌സിൽ പങ്കെടുക്കും. അവരുടെ നിരന്തര പരിശ്രമങ്ങളിലൂടെ രാജ്യം വലിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും. ഓരോ കായിക താരങ്ങളും വരും തലമുറയ്‌ക്ക് പ്രചോദനമാണ്.”- പ്രധാനമന്ത്രി പറഞ്ഞു.
ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കണമെന്നാണ് ഇന്ത്യയുടെ അടുത്ത സ്വപ്നം. 2036 ഓടെ ഇതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 28ന് നടക്കുന്ന പാരാലിമ്പിക്‌സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്കും അദ്ദേഹം വിജയാശംസകൾ നേർന്നു.ഇന്ത്യൻ ഹോക്കി ടീമിന്റെ കാവലാൾ പി ആർ ശ്രീജേഷ്, ഷൂട്ടിംഗിൽ രണ്ട് വെങ്കലം സ്വന്തമാക്കിയ മനു ഭാക്കർ, സരബ്‌ജോത് സിംഗ് ഹോക്കിയിലെ മറ്റ് ടീമാംഗങ്ങൾ ഉൾപ്പെടെയുള്ള കായിക താരങ്ങൾ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ചെങ്കോട്ടയിലെത്തിയിരുന്നു.