ന്യൂഡൽഹി: ഭാര്യയെക്കുറിച്ചും തന്നെക്കുറിച്ചും പ്രചരിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി പ്രശസ്ത ഇന്ത്യന്‍ യുട്യൂബര്‍ ധ്രുവ് റാഠി. ധ്രുവിന്‍റെ യഥാര്‍ഥ പേര് ബദ്രുദ്ദീന്‍ റാഷിദ് ലാഹോറിയെന്നാണെന്നും ഭാര്യ ജൂലിയുടെ യഥാര്‍ഥ പേര് സുലൈഖ എന്നാണന്നും അവര്‍ പാക്കിസ്ഥാൻ സ്വദേശിയാണെന്നുമാണ് അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾ. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ കറാച്ചിയിലെ ബംഗ്ലാവിൽ പാക്ക് സൈന്യത്തിൻറെ സംരക്ഷണയിലാണ് ഇരുവരും താമസിക്കുന്നതെന്നുൾപ്പെടെ പ്രചരണമുണ്ടായി.
ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് നിരന്തരം വിഡിയോകൾ പുറത്തിറക്കുന്ന ധ്രുവിന് യുട്യൂബിൽ 18 ദശലക്ഷം സബ്സ്ക്രൈബർമാരാണ് ഉള്ളത്. ഇത്തരം വിഡിയോകൾ വലിയ ചർച്ചയായതിനു പിന്നാലെയാണ് ധ്രുവിനെതിരെ വിവിധ ആരോപണങ്ങൾ പ്രചരിച്ചു തുടങ്ങിയത്.
‘‘ഞാൻ ചെയ്ത വിഡിയോകളോട് അവര്‍ക്ക് ഒന്നും പ്രതികരിക്കാനില്ല. അതിനാലാണ് വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്നത്. ഭാര്യയെയും അവരുടെ കുടുംബത്തെയും ഇതിലേക്ക് വലിച്ചിഴച്ചത് വളരെ നിരാശാജനകമാണ്. ഐടി സെല്‍ ജീവനക്കാരുടെ ധാര്‍മികത എവിടെയാണ്?’’– ധ്രുവ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ചോദിച്ചു.
സര്‍ക്കാരിന്‍റെ നയങ്ങളും സമൂഹത്തിലെ പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചും വിമര്‍ശിച്ചും ധ്രുവ് റാഠി ചെയ്ത വിഡിയോകള്‍ ചർച്ചയായിരുന്നു. ഏറെ വിവാദമായ ‘ദ് കേരള സ്റ്റോറി’ സിനിമയെ കുറിച്ചും ധ്രുവ് ചെയ്തത വിഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു.