ന്യൂഡല്‍ഹി: സമുദ്ര സുരക്ഷയില്‍ ശക്തമായ നീക്കങ്ങളുമായി ഇന്ത്യന്‍ നാവികസേനയുടെ തേരോട്ടം തുടരുകയാണ്. തദ്ദേശീയമായി വികസിപ്പിച്ച സ്വയം നിയന്ത്രിത അതിവേഗ ബോട്ടുകളുടെ പരീക്ഷണമാണ് കഴിഞ്ഞ ദിവസം നടന്നത്. ഈ ആളില്ലാ കപ്പലുകള്‍ ഇന്ത്യയുടെ തീരദേശ പ്രതിരോധ ശേഷിയില്‍ ഗണ്യമായ മുന്നേറ്റം വ്യക്തമാക്കുന്നതാണ്.
ഉയര്‍ന്ന വേഗതയും ദ്രുതഗതിയിലുള്ള നീക്കങ്ങളും ലക്ഷ്യമിട്ടാണ് ഇവ രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ തീരപ്രദേശത്ത് പട്രോളിംഗ് നടത്താന്‍ അനുയോജ്യമായ രീതിയിലാണ് ഇവയുടെ നിര്‍മ്മാണം. അപകടസാധ്യത കുറയ്ക്കുകയും പ്രവര്‍ത്തന വ്യാപനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇത്തരത്തില്‍ ഓട്ടോണമസ് ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളുടെ നിര്‍മ്മാണത്തിന് പിന്നില്‍.
നിലവിലെ കടല്‍ പരീക്ഷണങ്ങള്‍ ഇത്തരം ബോട്ടുകളുടെ ഓട്ടോണമസ് നാവിഗേഷന്‍, സെന്‍സര്‍ പെര്‍ഫോമന്‍സ്, വിശ്വാസ്യത എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നാവികസേനയും, ഇലക്ട്രോണിക് സിസ്റ്റംസ് എന്‍ജിനീയറിംഗ് എസ്റ്റാബ്ലിഷ്മെന്റും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ചേര്‍ന്ന് ഈ സ്വയം നിയന്ത്രിത അതിവേഗ ബോട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
കടല്‍ വഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങളും ലഹരിക്കടത്തുകളും മറ്റും തടയാനും ഇന്ത്യയുടെ തീരപ്രദേശങ്ങളില്‍ കൂടുതല്‍ ശക്തമായ നിരീക്ഷണം നടത്താനും ഇത്തരം ബോട്ടുകള്‍ വഴി സാധിക്കും.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതക്ക് കീഴിലാണ് ഈ ബോട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മാത്രമല്ല അതിനൂതന എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സൗകര്യങ്ങളോട് കൂടിയ ആറ് അന്തര്‍വാഹിനികള്‍ 60,000 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കാനും നാവികസേന പദ്ധതി തയാറാക്കിക്കഴിഞ്ഞു. അന്തര്‍വാഹിനികള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നതിന്റെ ഭാഗമായുള്ള ടെന്‍ഡര്‍ നടപടികള്‍ നാവികസേന ആരംഭിച്ചുകഴിഞ്ഞു.
മസഗോണ്‍ ഡോക്ക്‌സ് ലിമിറ്റഡ്, സ്വകാര്യ കപ്പല്‍ നിര്‍മാതാക്കളായ എല്‍ ആന്‍ഡ് ടി. എന്നിവരും ടെന്‍ഡറിനായി പങ്കെടുക്കുന്നുണ്ട്. ടെന്‍ഡറിനായി മത്സരിക്കുന്ന സംഘത്തിന്റെ ട്രയല്‍സ് ആരംഭിച്ചിട്ടുണ്ട്. ട്രയലിന്റെ രണ്ടാം ഘട്ടം സ്പെയിനില്‍ നടക്കുമെന്നും സ്പാനിഷ് കമ്പനിയായ നവന്റിയയും ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയും ജൂണ്‍ അവസാനത്തോടെ തങ്ങളുടെ എഐപി സംവിധാനം പ്രദര്‍ശിപ്പിക്കുമെന്നും അധികൃതര്‍ പറയുന്നുണ്ട്.
എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതായിരിക്കും പുതിയ സ്റ്റെല്‍ത്ത് അന്തര്‍വാഹിനികള്‍. മെയ്ക്ക് ഇന്‍ ഇന്ത്യ പ്രോഗ്രാമിന് കീഴില്‍ രാജ്യത്ത് തന്നെ നിര്‍മിക്കുന്നതിലൂടെ ഇന്ത്യന്‍ പ്രതിരോധ നിര്‍മാണ കമ്പനികള്‍ക്ക് 30,000 കോടി അധിക ബിസിനസ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാധാരണ അന്തര്‍വാഹിനികളെ അപേക്ഷിച്ച് എഐപി ഉപയോഗിച്ചാല്‍ കൂടുതല്‍ സമയം സമുദ്രത്തില്‍ കഴിയാന്‍ അന്തര്‍വാഹിനികള്‍ക്ക് സാധിക്കും.സമുദ്രത്തിനുള്ളില്‍ കഴിയുമ്പോള്‍ പോലും എഐപി സാങ്കേതികവിദ്യയിലൂടെ വൈദ്യുതി നിര്‍മ്മിക്കാനാവും. ഇതുവഴി പ്രൊപ്പല്ലര്‍ ബാറ്ററികള്‍ റീചാര്‍ജ് ചെയ്യാനും അന്തര്‍വാഹിനികളിലെ വൈദ്യുതി ആവശ്യമായ മറ്റ് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും സാധിക്കുന്ന വിധത്തിലായിരിക്കും പുതിയ നിര്‍മ്മാണം.