ഫിലിപ്പീന്‍സിന് കാവലായി ഇന്ത്യന്‍ പടക്കപ്പലുകള്‍

ചൈനീസ് മിസൈല്‍-ഉപഗ്രഹ ട്രാക്കിംഗ് കപ്പലായ യുവാന്‍ വാങ് 03 ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്ക് പ്രവേശിച്ച അതേ സമയത്താണ് ഇന്ത്യ തങ്ങളുടെ നാവികസേന കപ്പലുകള്‍ ദക്ഷിണ ചൈന കടലില്‍ വിന്യസിച്ചിട്ടുള്ളത്. ഫിലിപ്പീന്‍സ് നാവികസേനയുമായി ചൈനീസ് നാവികസേനയുടെ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യന്‍ നാവികസേനയുടെ ഈ രംഗപ്രവേശം എന്നുള്ളതും ശ്രദ്ധേയമാണ്.

author-image
Rajesh T L
New Update
navy

Indian Navy

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: മറ്റു രാജ്യങ്ങളുമായി ഫിലിപ്പീന്‍സ് നടത്തുന്ന സൈനിക സഹകരണങ്ങള്‍ക്കെതിരെ ചൈന പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സിന്റെയും ചൈനയുടെയും നാവികസേനകള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്ന ക്ഷിണ ചൈനാ കടലിന്റെ  ഭാഗങ്ങളില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ദക്ഷിണ ചൈന കടലില്‍ ഇരു നാവികസേനകളും പലതവണ മുഖാമുഖം വന്നത് ആശങ്കകള്‍ക്ക് വഴിവച്ചിരുന്നു. അടുത്തിടെ ഈ  ഭാഗങ്ങളുടെ നിയന്ത്രണം ബീജിംഗ് അവകാശപ്പെട്ടതിനെത്തുടര്‍ന്ന് ഫിലിപ്പീന്‍സിന്റെയും ചൈനയുടെയും നാവിക കപ്പലുകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. തക്കപ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന അവകാശവാദവുമായി മനിലയും രംഗത്തെത്തുകയുണ്ടായി.

ഈ സാഹചര്യത്തില്‍ ദക്ഷിണ ചൈന കടലിലെ ചൈനയുടെ ആധിപത്യത്തിന് മറുമരുന്നുമായി ഇന്ത്യ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ മൂന്ന് നാവികസേന കപ്പലുകള്‍ ദക്ഷിണ ചൈന കടലില്‍ വിന്യസിച്ചിരിക്കുകയാണ് സൈന്യം. ഇന്ത്യന്‍ നാവികസേനയുടെ ഈസ്റ്റേണ്‍ ഫ്ളീറ്റ് ആണ് തങ്ങളുടെ മൂന്ന് നാവിക കപ്പലുകള്‍ ദക്ഷിണ ചൈനാ കടലില്‍ വിന്യസിച്ചിട്ടുള്ളത്.

ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയര്‍ ഐഎന്‍എസ് ഡല്‍ഹി, കപ്പല്‍ ടാങ്കറായ ഐഎന്‍എസ് ശക്തി, അന്തര്‍വാഹിനി വിരുദ്ധ വാര്‍ഫെയര്‍ സ്റ്റെല്‍ത്ത് കോര്‍വെറ്റായ ഐഎന്‍എസ് കില്‍ത്താന്‍ എന്നീ നാവികസേന കപ്പലുകളാണ് ഇന്ത്യ ദക്ഷിണ ചൈന കടലില്‍ വിന്യസിച്ചിട്ടുള്ളത്. ഈസ്റ്റേണ്‍ ഫ്ളീറ്റിന്റെ ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് റിയര്‍ അഡ്മിറല്‍ രാജേഷ് ധങ്കറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് നാവികസേന കപ്പലുകള്‍ സിംഗപ്പൂരിലെത്തിയത്.

ചൈനീസ് മിസൈല്‍-ഉപഗ്രഹ ട്രാക്കിംഗ് കപ്പലായ യുവാന്‍ വാങ് 03 ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്ക് പ്രവേശിച്ച അതേ സമയത്താണ് ഇന്ത്യ തങ്ങളുടെ നാവികസേന കപ്പലുകള്‍ ദക്ഷിണ ചൈന കടലില്‍ വിന്യസിച്ചിട്ടുള്ളത്. ഫിലിപ്പീന്‍സ് നാവികസേനയുമായി ചൈനീസ് നാവികസേനയുടെ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യന്‍ നാവികസേനയുടെ ഈ രംഗപ്രവേശം എന്നുള്ളതും ശ്രദ്ധേയമാണ്. റിപ്പബ്ലിക് ഓഫ് സിംഗപ്പൂര്‍ നേവിയിലെ ഉദ്യോഗസ്ഥരും സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറും ചേര്‍ന്നാണ് യുദ്ധക്കപ്പലുകള്‍ സ്വീകരിച്ചതെന്ന് ഇന്ത്യന്‍ നാവികസേന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ഡിസംബറില്‍ തങ്ങളുടെ കപ്പലുകളെ ആക്രമിക്കാന്‍ ചൈനീസ് കപ്പലുകള്‍ ജലപീരങ്കി ഉപയോഗിച്ചതായി ഫിലിപ്പീന്‍സ് നാവികസേന ആരോപിച്ചിരുന്നു. ദക്ഷിണ ചൈനാ കടലിന്റെ ഭൂരിഭാഗവും ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, മലേഷ്യ, ബ്രൂണെ, തായ്വാന്‍ എന്നീ രാജ്യങ്ങളും ഈ പ്രദേശങ്ങള്‍ക്ക് അവകാശവാദം ഉന്നയിച്ച് രംഗത്തുണ്ട്.

ഡിസംബറില്‍ തന്നെ ഐഎന്‍എസ് കദ്മത്തിന്റെ ഫിലിപ്പീന്‍സ് സന്ദര്‍ശന വേളയില്‍, ഫിലിപ്പൈന്‍ നാവികസേനയുടെ ഓഫ്‌ഷോര്‍ പട്രോളിംഗ് കപ്പലായ ബിആര്‍പി റാമോണ്‍ അല്‍കാരാസിനൊപ്പം ദക്ഷിണ ചൈനാ കടലില്‍ സൈനികാഭ്യാസത്തില്‍ പങ്കെടുത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ ചൈനയും ഫിലിപ്പീന്‍സും തമ്മിലുള്ള സമുദ്ര തര്‍ക്കം ബീജിംഗും മനിലയും തമ്മിലുള്ള വിഷയമാണെന്നും അതില്‍ ഇടപെടാന്‍ മൂന്നാമതൊരാള്‍ക്ക് അവകാശമില്ലെന്ന് വ്യക്തമാക്കി ചൈന രംഗത്തെത്തിയിരുന്നു.

 

china indian navy philippines