ന്യൂഡൽഹി: അതിനൂതന എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സൗകര്യങ്ങളോടു കൂടിയ ആറ് അന്തർവാഹിനികൾ 60,000 കോടി രൂപ ചെലവിൽ നിർമിക്കാനൊരുങ്ങി ഇന്ത്യൻ നാവികസേന. അന്തർവാഹിനികൾ തദ്ദേശീയമായി നിർമിക്കുന്നതിന്റെ ഭാഗമായുള്ള ടെൻഡർ നടപടികൾ നാവികസേന ആരംഭിച്ചു.
ഇന്ത്യൻ കപ്പൽനിർമ്മാണ കമ്പനികളായ മസഗോൺ ഡോക്ക്‌സ് ലിമിറ്റഡ്, ലാർസൻ ആൻഡ് ടൂബ്രോ എന്നിവർ ടെൻഡറിനായി പങ്കെടുക്കുന്നുണ്ട്. ടെൻഡറിനായി മത്സരിക്കുന്ന ടീമിന്റെ ട്രയൽസ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.ട്രയലിന്റെ രണ്ടാം ഘട്ടം സ്പെയിനിൽ നടക്കുമെന്നും സ്പാനിഷ് കമ്പനിയായ നവന്റിയയും ലാർസൻ ആൻഡ് ടൂബ്രോയും ജൂൺ അവസാനത്തോടെ തങ്ങളുടെ എഐപി സംവിധാനം പ്രദർശിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
എയർ ഇൻഡിപെൻഡൻ്റ് പ്രൊപ്പൽഷൻ (എഐപി) സാങ്കേതികവിദ്യയ്‌ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ളതായിരിക്കും പുതിയ സ്റ്റെൽത്ത് അന്തർവാഹിനികളെന്നാണ് വൃത്തങ്ങൾ പറയുന്നത്.മെയ്‌ക്ക് ഇൻ ഇന്ത്യ പ്രോഗ്രാമിന് കീഴിൽ രാജ്യത്ത് തന്നെ നിർമിക്കുന്നതിലൂടെ ഇന്ത്യൻ പ്രതിരോധ നിർമാണ കമ്പനികൾക്ക് 30,000 കോടി അധിക ബിസിനസ് ലഭിക്കുമെന്നാണ് വിലയിരുത്തൽ.
സാധാരണ അന്തർവാഹിനികളെ അപേക്ഷിച്ച് എഐപി ഉപയോഗിച്ചാൽ കൂടുതൽ സമയം സമുദ്രത്തിൽ കഴിയാൻ അന്തർവാഹിനികൾക്ക് സാധിക്കും.മാത്രമല്ല സമുദ്രത്തിനുള്ളിൽ കഴിയുമ്പോൾ പോലും എഐപി സാങ്കേതികവിദ്യയിലൂടെ വൈദ്യുതി നിർമിക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത.ഇതുവഴി പ്രൊപ്പല്ലർ ബാറ്ററികൾ റീചാർജ് ചെയ്യാനും അന്തർവാഹിനികളിലെ വൈദ്യുതി ആവശ്യമായ മറ്റ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും സാധിക്കും.