ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ ഇന്ത്യക്കാരെ സന്ദർശിക്കാൻ എംബസി അധികൃതർ.കൂടികാഴ്ച്ചക്കായുള്ള സമയം ചൊവ്വാഴ്ച എംബസി അധികൃതർക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. തിങ്കളാഴ്ച കപ്പലിലുള്ള തൃശൂർ സ്വദേശി ആന്റസ ജോസഫ് കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു.
കപ്പലിൽ സുരക്ഷിതയാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും ആന്റസ കുടുംബത്തെ അറിയിച്ചു.തങ്ങളുടെ ഫോണുകൾ ഇറാൻ സൈന്യത്തിൻ്റെ പക്കലാണെന്നും വീട്ടിലേക്ക് വിളിക്കാൻ സൈന്യം അനുവാദം നൽകുകയായിരുന്നുവെന്നും ആൻ്റസ കുടുംബത്തെ അറിയിച്ചിരുന്നു.
ഇതിനിടെ കപ്പൽ കമ്പനിയും ഇറാനുമായി ചർച്ച ഇപ്പോഴും തുടരുകയാണ്. കപ്പലിലെ ജീവനക്കാരെ വിട്ടു നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് എം എസ് സി കമ്പനി ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിസമാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് പോർച്ചുഗൽ പതാക ഘടിപ്പിച്ച ചരക്ക് കപ്പൽ എംഎസ്‌സി ഏരീസിനെ പിടിച്ചത്. 17 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിലുള്ളത്.അവരെ മോചിപ്പിച്ച് വേഗം ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമിറാബ്ദുള്ളാഹിയനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തിങ്കളാഴ്ച പറഞ്ഞു.