മ്യാന്മറുമായുള്ള അതിര്‍ത്തി പൂര്‍ണമായി വേലികെട്ടി അടയ്ക്കാന്‍ ഇന്ത്യ. 1,643 കിലോമീറ്റര്‍ നീളത്തിലാണ് വേലികെട്ടുക. 31,000 കോടി രൂപയാണ് വേലികെട്ടുന്നതിനുള്ള ചെലവെന്നാണ് കണക്കാക്കുന്നത്. അനധികൃത ആയുധക്കടത്തിന്റേയും മയക്കുമരുന്ന് കടത്തിന്റേയും പേരില്‍ കുപ്രസിദ്ധി നേടിയ മ്യാന്മര്‍ അതിര്‍ത്തിയാണ് ഇന്ത്യ അടച്ചുപൂട്ടുന്നത്.
സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതി പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 1,643 കിലോമീറ്റര്‍ വേലിക്കൊപ്പം റോഡുകളും ഇന്ത്യ നിര്‍മ്മിക്കും. മണിപ്പുര്‍, മിസോറാം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായാണ് മ്യാന്മര്‍ അതിര്‍ത്തി പങ്കിടുന്നത്.
ഇതുവരെ 30 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ വേലി നിര്‍മ്മാണം പൂര്‍ത്തിയായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തുറന്നുകിടക്കുന്ന അതിര്‍ത്തിയാണ് മണിപ്പുരിലെ വംശീയ കലാപത്തിന്റെ മൂലകാരണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലേയും മ്യാന്മറിലേയും അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് രേഖകളൊന്നുമില്ലാതെ അതിര്‍ത്തിയില്‍നിന്ന് ഇരുവശത്തേക്കും 16 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ അനുമതി നല്‍കിയിരുന്ന ഇന്ത്യമ്യാന്മര്‍ ഫ്രീ മൂവ്‌മെന്റ് റെജിം (എഫ്.എം.ആര്‍) കേന്ദ്രസര്‍ക്കാര്‍ നേരത്തേ റദ്ദാക്കിയിരുന്നു. ഇന്ത്യയുടെ 2018ലെ ആക്ട് ഈസ്റ്റ് നയം പ്രകാരമായിരുന്നു ഇത്.