ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെതിരെ പാർലമെന്റിൽ -പ്രതിഷേധിക്കാൻ പ്രതിപക്ഷമായ ഇന്ത്യ മുന്നണി.പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് ബജറ്റിൽ വിവേചനം കാട്ടിയെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വാദം.ബുധനാഴ്ച രാവിലെ 10.30ന് പാർലമെൻ്റിന് മുമ്പിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധം ആരംഭിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായ ഏഴാം ബജറ്റ് അവതരിപ്പിച്ചതിന് ശേഷം പ്രതിപക്ഷത്തിൻ്റെ തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ 10 രാജാജി മാർഗിലെ വസതിയിൽ ഉന്നത നേതാക്കൾ ഒത്തുകൂടി.ഈ യോഗത്തിലാണ് പ്രതിഷേധിക്കാൻ തീരുമാനമെടുത്തത്.
ഈ ബജറ്റ് ഇന്ത്യയുടെ ഫെഡറൽ ഘടനക്ക് എതിരാണ്.വികസനത്തിൻ്റെ പേരിൽ ഈ ബജറ്റ് പൂജ്യമാണ്. ഈ ബജറ്റിനെതിരെ ഇന്ന് പാർലമെൻ്റിന് പുറത്തും അകത്തും പ്രതിഷേധിക്കുമെന്നും രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.അതേസമയം ബജറ്റിനെതിരെ ഡിഎംകെ എംപിമാരും ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.ബജറ്റിൽ കേന്ദ്രം തമിഴ്‌നാടിനെ അവഗണിച്ചുവെന്നും അതിനാൽ ജൂലൈ 27 ന് നടക്കാനിരിക്കുന്ന നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കുമെന്നും ഡിഎംകെ അധ്യക്ഷൻ പ്രഖ്യാപിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗം ബഹിഷ്‌കരിക്കും.
കോൺഗ്രസ് എംപിമാരായ രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്പി) തലവൻ ശരദ് പവാർ, ശിവസേന (യുബിടി) എംപിമാരായ സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, ഡിഎംകെ എംപിമാരായ ടിആർ ബാലു, തിരുച്ചി ശിവ, ജാർഖണ്ഡ് മുക്തി മോർച്ച എംപി മഹുവ മാജി, തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി, ആം ആദ്മി പാർട്ടി എംപിമാരായ സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ തുടങ്ങിയവർ തുടങ്ങിയ നേതാക്കൾ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.