ബംഗ്ലാദേശിന്റെ ഇന്ത്യ വിരുദ്ധതയ്ക്ക് പിന്നില്‍ ചൈനയോ

ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് പത്ത് ദിവസത്തിനുശേഷം ഇന്ത്യന്‍ ഉല്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ അഭ്യര്‍ത്ഥിച്ച് ഭട്ടാചാര്യ എന്ന യൂട്യൂബര്‍ തന്റെ യുട്യൂബ് ചാനലില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ ഏകദേശം 10 ലക്ഷം വ്യൂസ് നേടി. അന്ന് മുതലാണ് അദ്ദേഹം ഇന്ത്യവിരുദ്ധ പ്രചാരണം ആരംഭിച്ചത്

author-image
Rajesh T L
New Update
INDIA

India Bangladesh

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അയല്‍ രാജ്യങ്ങളില്‍ ഉയര്‍ന്നുവരുന്ന ഇന്ത്യ വിരുദ്ധതയ്ക്ക് പിന്നില്‍ ചൈനയുടെ നീക്കങ്ങളെന്ന് റിപ്പോര്‍ട്ട്. മാലിദ്വീപിനെയും ശ്രീലങ്കയെയും പാകിസ്ഥാനെയമൊക്കെ മുന്‍നിര്‍ത്തി ചൈനയുടെ കളിക്ക് പിന്നാലെ ഇപ്പോഴിതാ ബംഗ്ലാദേശിലും അത്തരം പ്രവണതകള്‍ ഉണ്ടാവുകയാണ്.

ഇന്ത്യ ഔട്ട് എന്ന പേരില്‍ ഇന്ത്യ വിരുദ്ധ ക്യാമ്പയിന്‍ ബംഗ്ലാദേശിലാകെ ആഞ്ഞടിക്കുകയാണ്. ഇന്ത്യന്‍ ഉല്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനാണ് പ്രധാന പ്രതിപക്ഷ നേതാക്കളടക്കം ആഹ്വാനം ചെയ്യുന്നത്. ജനുവരിയില്‍ ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ തന്നെ ഈ ക്യാമ്പയിന്‍ രാജ്യത്ത് നിലനിന്നിരുന്നു.

ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് പത്ത് ദിവസത്തിനുശേഷം ഇന്ത്യന്‍ ഉല്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ അഭ്യര്‍ത്ഥിച്ച് ഭട്ടാചാര്യ എന്ന യൂട്യൂബര്‍ തന്റെ യുട്യൂബ് ചാനലില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ ഏകദേശം 10 ലക്ഷം വ്യൂസ് നേടി. അന്ന് മുതലാണ് അദ്ദേഹം ഇന്ത്യവിരുദ്ധ പ്രചാരണം ആരംഭിച്ചത്

ബംഗ്ലാദേശി ഡോക്ടറും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രധാന വിമര്‍ശകനുമായ പിനാകി ഭട്ടാചാര്യയാണ് ഇന്ത്യാ വിരുദ്ധ പ്രചാരണം രാജ്യത്ത് ആരംഭിച്ച പ്രധാന വ്യക്തികളിലൊന്ന്. ഹസീന സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായിരുന്ന ഭട്ടാചാര്യ സര്‍ക്കാര്‍ നടപടികള്‍ ഭയന്ന് 2018 ല്‍ രാജ്യത്തുനിന്ന് പലായനം ചെയ്തിരുന്നു.

പ്രചാരണം ശക്തമായതോടെ ബംഗ്ലാദേശിലെ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള ഗ്രൂപ്പുകളും വിഷയം ഏറ്റെടുക്കുകയും ഇന്ത്യക്കെതിരെ പോസ്റ്റുകള്‍ പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ വിഷയം കൂടുതല്‍ ജനകീയ ശ്രദ്ധ നേടിയത് പ്രധാന പ്രതിപക്ഷപാര്‍ട്ടി പ്രചാരണത്തെ പിന്തുണക്കുന്നതോടെയാണ്. മാര്‍ച്ച് 20ന്, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി സീനിയര്‍ ജോയിന്റ് സെക്രട്ടറി ജനറല്‍ റൂഹുല്‍ കബീര്‍ റിസ്വി തന്റെ ഇന്ത്യന്‍ നിര്‍മിത ഷാള്‍ വലിച്ചെറിഞ്ഞ് പ്രചാരം ഏറ്റെടുക്കുകയായിരുന്നു.

ബംഗ്ലാദേശികള്‍ക്കോ പിനാകി ഭട്ടാചാര്യക്കോ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിക്കോ ഇന്ത്യയുമായി കാര്യമായ വിരോധമൊന്നുമില്ല. എല്ലാവരുടെയും പൊതു ശത്രു അവരുടെ ഭരണാധികാരി ഷെയ്ക്ക് ഹസീനയാണ്. ജനുവരിയില്‍ രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധമാണെന്ന് രോഷം ബംഗ്ലാദേശികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഹസീന ഭരണകൂടത്തിനെതിരായ രോഷം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ത്യ ഔട്ട് കാമ്പെയ്ന്‍ ഉപയോഗിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന മാലദ്വീപ് തെരഞ്ഞെടുപ്പില്‍ ഇന്ത്യ അനുകൂലി ഇബ്രാഹിം സോലിഹിന്റെ വീഴ്ചയില്‍ പ്രധാന ഘടകമായി ഇന്ത്യ വിരുദ്ധത ഉപയോഗിച്ചതിന് സമാനമായ രീതിയാണ് ഇവിടെയും പ്രയോഗിക്കുന്നത്.

ബംഗ്ലാദേശ് തിരഞ്ഞെടുപ്പില്‍ ഇന്ത്യ ഇടപെട്ടുവെന്നതിന് ശക്തമായ തെളിവില്ലെങ്കിലും ഹസീന തിരികെ അധികാരത്തിലെത്തിയത് ഇന്ത്യക്ക് കൂടി അനുകൂലമായ കാര്യമാണ്. ബംഗ്ലാദേശ് തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെ മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസഭയും മറ്റ് രാജ്യങ്ങളും വിമര്‍ശിച്ചിട്ടും ഇന്ത്യ വിഷയത്തെക്കുറിച്ച് ഒരു പ്രസ്താവന പോലും നടത്തിയില്ല. തിരഞ്ഞെടുപ്പിനുശേഷം, ഹസീന മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ ഒബൈദുല്‍ ക്വദര്‍, ബംഗ്ലാദേശിനൊപ്പം നിന്നതിന് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞിരുന്നു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്താന്‍ കുറച്ച് വിദേശ ശക്തികളുമായി സഖ്യമുണ്ടാക്കിയെന്ന് ആരോപിക്കുകയും ചെയ്തു.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യവിരുദ്ധ വികാരം വളര്‍ത്തല്‍ പുതിയ പ്രവണതയാണെന്ന് പല ഗവേഷകരും ചൂണ്ടിക്കാട്ടുന്നു. അധികാരത്തിലുള്ള പാര്‍ട്ടി ഇന്ത്യയോട് അനുഭാവമുള്ളവരാണെങ്കില്‍, പരമാധികാരത്തിന്റെയും ദേശീയതയുടെയും അടിസ്ഥാനത്തില്‍ പ്രതിപക്ഷം ഇന്ത്യയെ ലക്ഷ്യമിടും.

ബംഗ്ലാദേശിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം കണക്കിലെടുക്കുകയാണെങ്കില്‍ ഇന്ത്യന്‍ ഉല്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നത് ബംഗ്ലാദേശിന് പ്രായോഗികമായി അസാധ്യമാണ്. ഇന്ത്യന്‍ ഉല്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ബംഗ്ലാദേശില്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായ സ്വാധീനം ചെലുത്തിയെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ ഒരു വിള്ളലും ഉണ്ടാക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ബംഗ്ലാദേശികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഇന്ത്യവിരുദ്ധ വികാരത്തിന് കൂടുതല്‍ പ്രചോദനം നല്‍കാന്‍ ഈ പ്രചാരണത്തിന് കഴിയും. ഹസീന സര്‍ക്കാരിനെതിരെ ഇത് ഉപയോഗിക്കാമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതീക്ഷ.

 

india pm narendramodi bangladesh election india bengladesh sheik hasina bangladesh news xijinping