ന്യൂയോർക്ക്: ഗാസ മുനമ്പിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്നും, ഹമാസ് ഭീകരർ ബന്ദികളാക്കിയവരെ നിരുപാധികം വിട്ടയയ്‌ക്കണമെന്നും ഐക്യരാഷ്‌ട്രയിൽ ആഹ്വാനം ചെയ്ത് ഇന്ത്യ. യുഎൻ സുരക്ഷാ സമിതിയുടെ ഓപ്പൺ ഡിബേറ്റിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
പലസ്തീന്റെ ഉന്നമനത്തിനും വികസനത്തിനും വേണ്ടി ഇന്ത്യ വർഷങ്ങളായി പല രീതിയിലുള്ള സഹായങ്ങൾ കൈമാറി വരുന്നുണ്ടെന്നും, 120 മില്യൺ ഡോളറിന്റെ സഹായം വിവിധ ഘട്ടങ്ങളിലായി നൽകിയിട്ടുണ്ടെന്നും യുഎന്നിലെ ഇന്ത്യയുടെ ഡെപ്യൂട്ടി റെപ്രസെന്റേറ്റീവ് ആർ.രവീന്ദ്ര വിശദീകരിച്ചു.
” 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ ഇന്ത്യയും ശക്തമായി അപലപിച്ചിരുന്നു. അതേപോലെ ഇപ്പോഴുള്ള പോരാട്ടത്തിൽ സാധാരണക്കാരുടെ ജീവൻ നഷ്ടമാകുന്നതിനേയും ഇന്ത്യ ശക്തമായി തന്നെ അപലപിച്ചിട്ടുണ്ട്. നയതന്ത്ര തലത്തിലുള്ള ചർച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണണമെന്നും, സംഘർഷമല്ല സമാധാനമാണ് ആവശ്യമെന്നുമുള്ള നിലപാട് ഇന്ത്യ എല്ലായ്‌പ്പോഴും ആവർത്തിച്ചിട്ടുണ്ട്.
ഏതൊരു സാഹചര്യത്തിലും അന്താരാഷ്‌ട്ര നിയമങ്ങൾ പാലിക്കപ്പെടുക തന്നെ വേണം. ഗാസ മുനമ്പിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പിലാക്കണം. മാനുഷിക സഹായവും ദുരിതാശ്വാസ സഹായവും അർഹരായവരിലേക്ക് എത്തപ്പെടണം. അതിന് തടസ്സങ്ങളുണ്ടാകരുത്. ബന്ദികളാക്കപ്പെട്ട ഓരോരുത്തരേയും നിരുപാധികം വിട്ടയയ്‌ക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുകയാണെന്നും” രവീന്ദ്ര പറഞ്ഞു.
ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഇരുകൂട്ടർക്കുമിടയിൽ മധ്യസ്ഥശ്രമങ്ങൾ നടത്തുന്നതിനേയും ഇന്ത്യ പ്രശംസിച്ചു. ” മേഖലയിൽ സമാധാനം പുന:സ്ഥാപിക്കുക എന്നതിനാണ് ഇന്ത്യ പ്രാധാന്യം കൊടുക്കുന്നത്. ഇരുരാജ്യങ്ങളുടേയും പരമാധികാരം സംരക്ഷിക്കപ്പെടണം. ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരത്തെ ഇന്ത്യ എല്ലാക്കാലവും പിന്തുണയ്‌ക്കുന്നു. ദീർഘകാലമായി ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ഇതാണ്. വിവിധ ഘട്ടങ്ങളിലായി 120 മില്യൺ യുഎസ് ഡോളറിനടുത്ത് സഹായം ഇന്ത്യ പാലസ്തീന് കൈമാറിയിട്ടുണ്ട്. 2018 മുതൽ യുഎൻആർഡബ്ല്യുഎയ്‌ക്ക് ഇന്ത്യ 5 മില്യൺ ഡോളർ വാർഷിക സംഭാവനയായി നൽകുന്നുണ്ട്. ഈ വർഷത്തെ ആദ്യ ഗഡു സഹായം ഏതാനും ദിവസങ്ങൾക്ക് കൈമാറിയതായും” ആർ രവീന്ദ്ര വ്യക്തമാക്കി.