ന്യൂഡൽഹി: പ്രോ ടേം സ്പീക്കറുടെ പാനലിൽ നിന്ന് ഇൻഡ്യ സഖ്യം പിൻമാറി. കൊടിക്കുന്നിൽ സുരേഷിനെ പ്രോ ടേം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് തീരുമാനം.
പ്രോ ടേം സ്പീക്കർ പദവി നൽകാത്തതിലൂടെ അർഹതപ്പെട്ട അവസരമാണ് നിഷേധിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് മുൻപ് പറഞ്ഞിരുന്നു. വിഷയത്തിൽ ജാതി അധിക്ഷേപം ഉണ്ടായെന്ന ആരോപണവും അദ്ദേഹം മുന്നോട്ടുവെച്ചു. തന്നേക്കാൾ ജൂനിയറായ ഒരാളെ നിർത്തിയാണ് ഒഴിവാക്കൽ. അതിനെ വിശദീകരിക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
'ദളിത് ആദിവാസി വിഭാഗങ്ങളെ അവഗണിക്കുന്ന നിലപാടാണ് കഴിഞ്ഞ പത്ത് വർഷമായി മോദി സർക്കാർ സ്വീകരിച്ചത്. ഇപ്പോഴത്തെ കേന്ദ്ര മന്ത്രിസഭയിൽ ബിജെപിയിൽ നിന്നും രണ്ട് പേരാണുള്ളത്. എന്നാൽ കോൺഗ്രസ് അധികാരത്തിലുള്ളപ്പോൾ ആഭ്യന്തരം ഉൾപ്പെടെ പ്രധാനപ്പെട്ട വകുപ്പുകളിൽ ദളിത് ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരുണ്ടായിരുന്നു. നിലവിലെ മന്ത്രി സഭയിൽ ദളിത് ആദിവാസി പ്രാതിനിധ്യം വളരെ ചെറുതാണ്. ജാതി അധിക്ഷേപം ഉണ്ടായോ എന്ന് വിലയിരുത്തേണ്ടത് പൊതുജനമാണ്. അർഹതപ്പെട്ട അവസരമാണ് നിഷേധിച്ചത്. വിഷമമുണ്ടാകാതിരിക്കില്ല. ബിജെപിയുടെ നടപടിയോട് വിയോജിപ്പുള്ള എല്ലാവർക്കും വിഷമമുണ്ട്', എന്നും കൊടിക്കുന്നിൽ പറഞ്ഞിരുന്നു