യുപിയില്‍ ഇന്‍ഡ്യാ മുന്നണി സൈക്കിള്‍ ചിഹ്നത്തില്‍ മല്‍സരിക്കും

ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ എല്ലാ ഇന്‍ഡ്യാ മുന്നണി സ്ഥാനാര്‍ഥികളും സമാജ്‌വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളില്‍ മത്സരിക്കുമെന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്.

author-image
Prana
New Update
cycle symbol

ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ എല്ലാ ഇന്‍ഡ്യാ മുന്നണി സ്ഥാനാര്‍ഥികളും സമാജ്‌വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളില്‍ മത്സരിക്കുമെന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഏതെങ്കിലും സീറ്റ് വിഭജന ക്രമീകരണത്തേക്കാള്‍ വിജയിക്കുക എന്ന ലക്ഷ്യമാണ് സഖ്യത്തിന് മുന്നിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.''കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ഒരുമിച്ചാണ് വലിയ വിജയത്തിനായി തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നത്. ഈ ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ മുന്നണി വിജയത്തിന്റെ പുതിയ അധ്യായം രചിക്കാന്‍ പോകുന്നു,'' അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചു. ''ഈ അഭൂതപൂര്‍വമായ സഹകരണവും പിന്തുണയും കൊണ്ട്, 9 നിയമസഭാ സീറ്റുകളിലും ഇന്‍ഡ്യാ മുന്നണിയിലെ ഓരോ പ്രവര്‍ത്തകനും വിജയിക്കാനുള്ള ദൃഢനിശ്ചയത്തോടെ പുതിയ ഊര്‍ജം നിറയ്ക്കുന്നു,'' പോസ്റ്റില്‍ കുറിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനും പിന്നാക്ക വിഭാഗങ്ങളുടെയും ദലിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിലാണ് ഊന്നല്‍ നല്‍കുന്നതെന്നും അഖിലേഷ് പറഞ്ഞു.
കഠേഹാരി (അംബേദ്കര്‍ നഗര്‍), കര്‍ഹാല്‍ (മെയിന്‍പുരി), മീരാപൂര്‍ (മുസാഫര്‍നഗര്‍), ഗാസിയാബാദ്, മജവാന്‍ (മിര്‍സാപൂര്‍), സിഷാമൗ (കാന്‍പൂര്‍), ഖൈര്‍ (അലിഗഡ്), ഫുല്‍പൂര്‍ (പ്രയാഗ്രാജ്), കുന്ദര്‍ക്കി(മൊറാദാബാദ്) എന്നിങ്ങനെ ഒമ്പത് സീറ്റുകളിലേക്കാണ് നവംബര്‍ 13ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ എസ്പി നല്‍കിയത് വെറും രണ്ട് സീറ്റ് മാത്രമാണ്. ബാക്കി ഏഴ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഗാസിയാബാദ് സദര്‍, ഖൈര്‍ എന്നീ സീറ്റുകളാണ് കോണ്‍ഗ്രസിന് വിട്ടുനല്‍കിയത്. ഇതിന് പുറമെ ഫൂല്‍പൂര്‍, മഞ്ജാവ, മീരാപൂര്‍ സീറ്റുകള്‍ കൂടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നല്‍കിയില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ മുന്നണിക്ക് കീഴില്‍ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഒരുമിച്ചാണ് മത്സരിച്ചത്. 80 ലോക്‌സഭാ മണ്ഡലങ്ങളില്‍ 43ലും വിജയിച്ച സഖ്യം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എസ്പി 37 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ കോണ്‍ഗ്രസിന് ആറ് സീറ്റുകള്‍ ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ട അമേഠിയും കോണ്‍ഗ്രസിന് തിരിച്ചുപിടിക്കാനായി

UP INDIA alliance SAMAJWADI PARTY by election