നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഡല്‍ഹിയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. ബിജെപി നേതാവും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ ബിബി ത്യാഗി ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. മൂന്ന് തവണ എംഎല്‍എയായിരുന്ന ബ്രഹ്മ സിംഗ് തന്‍വാര്‍ കഴിഞ്ഞയാഴ്ച ബിജെപി വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ത്യാഗിയും പാര്‍ട്ടി വിടുന്നത്.
രണ്ട് തവണ മുനിസിപ്പല്‍ കൗണ്‍സിലറും ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ത്യാഗി 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലക്ഷ്മി നഗര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. നിലവില്‍ ബിജെപിയുടെ കൈവശമുള്ള ലക്ഷ്മി നഗര്‍ സീറ്റിലേക്ക് അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്‌തേക്കുമെന്ന് എഎപി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
എഎപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എംഎല്എ ദുര്‍ഗേഷ് പഥക് എന്നിവരുടെ സാന്നിധ്യത്തിലാണ് ബി ബി ത്യാഗി ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ത്യാഗിയുടെ ശക്തമായ സമുദായ ബന്ധങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ സിസോദിയ അത്തരം ഇടപെടല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് വ്യക്തമാക്കി.
വിദ്യാഭ്യാസം, ആരോഗ്യം, പൊതുസേവനങ്ങള്‍ എന്നിവയില്‍ ആം ആദ്മി പാര്‍ട്ടിയുടെ ശ്രമങ്ങളെ പ്രശംസിച്ച ത്യാഗി, പൊതുജനങ്ങളെ സേവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പാര്‍ട്ടിയാണിതെന്ന് പറഞ്ഞു. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.