ചെന്നൈയില്‍ മലയാളി യുവതിയെ ബസ് ജീവനക്കാര്‍ അര്‍ധരാത്രി ദേശീയപാതയില്‍ ഇറക്കിവിട്ടു

അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. തിങ്കളാഴ്ച രാത്രി ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് വരുമ്പോഴാണ് സംഭവം.

author-image
Prana
New Update
swathisha

മലയാളി യുവതിയെ തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ നിന്നും ജീവനക്കാര്‍ അര്‍ധരാത്രി നടുറോഡില്‍ ഇറക്കിവിട്ടതായി പരാതി. അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. തിങ്കളാഴ്ച രാത്രി ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് വരുമ്പോഴാണ് സംഭവം. ദേശീയപാതയില്‍ രാത്രി ഇറക്കിവിടുന്നത് സുരക്ഷിതം അല്ലെന്ന് സ്വാതിഷ പറഞ്ഞിട്ടും ജീവനക്കാര്‍ വഴങ്ങിയില്ല.
പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഇഷ്ടമുള്ളത് ചെയ്‌തോളൂ എന്നായിരുന്നു ബസ് ജീവനക്കാരുടെ മറുപടി. ജോലി ചെയ്യുന്ന കോളേജിന് സമീപം ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മോശമായി സംസാരിക്കുകയും ചെയ്തു എന്ന് സ്വാതിഷ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീപെരുമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ അധ്യാപികയാണ് സ്വാതിഷ. എസ്ഇറ്റിസി അധികൃതര്‍ക്ക് പരാതി നല്‍കിയതായി സ്വാതിഷ അറിയിച്ചു.
ഭയപ്പെടുത്തിയ അനുഭവമെന്ന് യുവതി പ്രതികരിച്ചു. പതിവായി ബസുകളും ലോറികളും നിര്‍ത്തിയിട്ട് ജീവനക്കാര്‍ മദ്യപിക്കാറുള്ള സ്ഥലത്താണ് ഇറക്കിവിട്ടത്. അലറി വിളിച്ചാല്‍ പോലും രക്ഷപ്പെടുത്താന്‍ ആരും വരാത്ത സ്ഥലമായിരുന്നു. ഏറെ ഭയത്തോടെയാണ് ഹോസ്റ്റലിലേക്ക് നടന്നതെന്നും അധ്യാപികയായ സ്വാതിഷ പറഞ്ഞു. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ തന്നെ അധിക്ഷേപിക്കുകയാണ് ബസ് ജീവനക്കാര്‍ ചെയ്തത്. വീഡിയോ റെക്കോര്‍ഡ് ചെയ്‌തെന്ന് പറഞ്ഞപ്പോള്‍ നിങ്ങളെ കൊണ്ടാവുന്നത് ചെയ്‌തോളൂ എന്നായിരുന്നു മറുപടി. തന്റെ പല വിദ്യാര്‍ഥികളും സമാനമായ ദുരനുഭവം നേരിട്ടിട്ടുണ്ടെന്നും രാത്രിയില്‍ എന്തിന് യാത്ര ചെയുന്നു എന്നാണ് പലപ്പോഴും കണ്ടക്ടര്‍മാര്‍ ചോദിക്കുന്നതെന്നും യുവതി പറഞ്ഞു. എസ്ഇറ്റിസി അവഗണിച്ചാല്‍ മുഖ്യമന്ത്രി സ്റ്റാലിന് പരാതി നല്‍കുമെന്നും സ്വാതിഷ അറിയിച്ചു.

 

CHENNAI bus highway malayali woman #tamilnad