ന്യൂഡൽഹി: രാജ്യത്ത് താപനില ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളം, ആന്ധ്രാപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.അതെസമയം താപനില ഉയരുന്നത് മുന്നിൽ കണ്ട് ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ റെഡ് അലർട്ടും ബിഹാർ, തെലങ്കാന, ഝാർഖണ്ഡ്, കർണാടക, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉഷ്ണതരംഗ സാധ്യത കൂടുതലായതിനാൽ പശ്ചിമ ബംഗാൾ, ഒഡിഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പുതുച്ചേരി, മാഹി, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. മേയ് 6-ാം തീയതി വരെ ഉഷ്ണ തരംഗ സാധ്യതയുണ്ട്.
അതേസമയം അരുണാചൽപ്രദേശ്, അസം, മേഘാലയ, സിക്കിം, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ഈ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. വടക്ക് കിഴക്കൻ ബംഗ്ലാദേശിലുണ്ടായ ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് ഈ സംസ്ഥാനങ്ങളിലെ മഴയ്‌ക്ക് കാരണമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.