നടിയുടെ അനധികൃത അറസ്റ്റ്: മൂന്ന് ഐപിഎസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

പിഎസ്ആര്‍ ആഞ്ജനേലുയു,ഐജി കാന്തി റാണ ടാറ്റ, എസ്പി വിശാല്‍ ഗുന്നി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നടി കാദംബരി ജെത്വാനിയാണ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയത്.

author-image
Prana
New Update
kadambari
Listen to this article
0.75x 1x 1.5x
00:00 / 00:00

നടി നല്‍കിയ പരാതിയില്‍ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. തന്നെയും കുടുംബത്തെയും അനധികൃതമായി അറസ്റ്റ് ചെയ്തുവെന്നാണ് പരാതി. പിഎസ്ആര്‍ ആഞ്ജനേലുയു,ഐജി കാന്തി റാണ ടാറ്റ, എസ്പി വിശാല്‍ ഗുന്നി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
നടി കാദംബരി ജെത്വാനിയാണ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയത്. സിനിമ നിര്‍മ്മാതാവായ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന്റെ വ്യാജ പരാതിയില്‍ തന്നെയും കുടുബത്തെയും അനധികൃതമായി അറസ്റ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ചു എന്നാണ് കാദംബരി പരാതി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അറസ്റ്റ് നടന്നത്.
അനധികൃതമായി ഭൂമി സമ്പാദിക്കുന്നതിന് വ്യാജരേഖ നിര്‍മ്മിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു നടിക്കെതിരായ പരാതി. ഈ പരാതി താന്‍ നിര്‍മ്മാതാവിനെതിരെ മുംബൈയില്‍ നല്‍കിയ പരാതിയുടെ പ്രതികാര നടപടിയാണ് ഇതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നടി ആരോപിച്ചു.
ഫെബ്രുവരി രണ്ടിനാണ് കാദംബരിക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാല്‍ ജനുവരി 31ന് തന്നെ നടിയെ അറസ്റ്റ് ചെയ്യാന്‍ അന്ന് സംസ്ഥാന ഇന്റലിജന്റസ് മേധാവിയായിരുന്ന പിഎസ്ആര്‍ ആഞ്ജനേലുയു, കാന്തി ടാണ ടാറ്റയ്ക്കും വിശാല്‍ ഗുന്നിക്കും നിര്‍ദേശം നല്‍കുകയായിരുന്നു. ആഞ്ജനേയുലു തന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.
മേലുദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം കൃത്യമായ അന്വേഷമില്ലാതെ നടപടി സ്വീകരിച്ചെന്നാണ് അന്ന് വിജയവാഡ കമ്മിഷണറായിരുന്ന കാന്തി റാണാ ടാറ്റയുടെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. വിശാല്‍ ഗുന്നി നടിയെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് പരാതി വിശദമായി പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് ഉത്തരവില്‍ പറയുന്നത്.

Arrest suspended actress ips officers