ഭര്‍ത്താവിനെ മറ്റൊരു മുറിയില്‍ താമസിക്കാന്‍ നിര്‍ബന്ധിക്കുന്നത് വിവാഹമോചനത്തിന് കാരണമായി കണക്കാക്കാമെന്ന് അലഹബാദ് ഹൈക്കോടതി. ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ തയ്യാറാകാതിരിക്കുന്നത് ക്രൂരതയാണെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം സംഭവങ്ങള്‍ വിവാഹമോചനം ലഭിക്കുന്നതിന് കാരണമായി കണക്കാക്കാം. യുവാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു പരാമര്‍ശം. വിവാഹമോചനം ആവശ്യപ്പെട്ടുള്ള അപേക്ഷ തള്ളിയ കുടുംബ കോടതി വിധിക്കെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് രാജ റോയ്, ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.
വൈവാഹികബന്ധത്തില്‍ ഏതെങ്കിലുമൊരു വ്യക്തിയുടെ പെരുമാറ്റം തന്റെ പങ്കാളിക്ക് മാനസികമായോ ശാരീരികമായോ പ്രയാസമുണ്ടാക്കുകയും വിവാഹബന്ധത്തില്‍ തുടരുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിനെ ക്രൂരതയെന്ന് വിശേഷിപ്പിക്കാനാകുമെന്ന് കോടതി പറഞ്ഞു. മാനസികമായുണ്ടാകുന്ന ക്രൂരതയ്ക്ക് തെളിവ് സമര്‍പ്പിക്കുക പ്രയാസമാണ്. കേസിന്റെ വസ്തുതകളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും തിരിച്ചറിയേണ്ട കാര്യമാണിത്. പങ്കാളികളില്‍ ഒരാളുടെ സ്വഭാവം കൊണ്ടോ പെരുമാറ്റം കൊണ്ടോ അടുത്തയാള്‍ക്കുണ്ടാകുന്ന വിഷമം, നിരാശ എന്നിവ ഇരുവരും ജീവിക്കുന്ന സാഹചര്യങ്ങളും നിലനില്‍ക്കുന്ന വസ്തുതളും മറ്റ് വിഷയങ്ങളും വിലയിരുത്തിയ ശേഷം മാത്രമായിരിക്കും മനസിലാക്കാന്‍ സാധിക്കുകയെന്നും കോടതി വ്യക്തമാക്കി.
ഭാര്യ മുറിയില്‍ പ്രവേശിക്കാനും ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കില്ലെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. ഭാര്യ എതിര്‍വാദങ്ങള്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ വാദങ്ങള്‍ അംഗീകരിക്കുന്നതായാണ് കണക്കാക്കുന്നതെന്നും കോടതി പറഞ്ഞു. തെറ്റ് അംഗീകരിക്കുകയാണ് പ്രധാനം. അംഗീകരിക്കപ്പെട്ട വാദങ്ങള്‍ക്ക് തെളിവ് ആവശ്യമില്ലെന്നും വിവാഹമോചനം അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.