നിതീഷിനെയും നായിഡുവിനെയും സന്തോഷിപ്പിച്ച് കേന്ദ്രം;ബജറ്റിൽ ബിഹാറിനും ആന്ധ്രക്കും വമ്പൻ പാക്കേജുകൾ

മൂന്നാം തവണയും അധികാരത്തിലേറാൻ ബി.ജെ.പിക്കൊപ്പം, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുമാണ് പ്രധാന സഖ്യകക്ഷികളായത്.

author-image
Greeshma Rakesh
New Update
bihar andra

PM Modi with Chandrababu Naidu, Nitish Kumar and others

Listen to this article
0.75x 1x 1.5x
00:00 / 00:00



ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ ബിഹാറിനും ആന്ധ്രപ്രദേശിനും കേന്ദ്രത്തിന്റെ പ്രത്യേക പദ്ധതികൾ. ബിഹാറിൽ വിവിധ മേഖലകളിലെ വികസനത്തിനായി കേന്ദ്രം പ്രത്യേക പാക്കേജാണ് പ്രഖ്യാപിച്ചതെങ്കിൽ, ആന്ധ്രയിൽ പുതിയ തലസ്ഥാന നഗരത്തിന്റെ വികസനമടക്കം 15,000 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. മൂന്നാം തവണയും അധികാരത്തിലേറാൻ ബി.ജെ.പിക്കൊപ്പം, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുമാണ് പ്രധാന സഖ്യകക്ഷികളായത്.

ബിഹാറിൽ പുതിയ വിമാനത്താവളങ്ങൾ, മെഡിക്കൽ കോളജുകൾ, സ്പോർട്സ് മേഖലയിലെ വികസനം എന്നിവ കേന്ദ്രം യാഥാർഥ്യമാക്കും. പട്ന - പുർണിയ, ബക്സർ - ഭഗൽപുർ, ബോധ്ഗയ - രാജ്ഗിർ - വൈശാലി - ദർഭംഗ ഉൾപ്പെടെയുള്ള ദേശീയപാത വികസനത്തിനായി 26,000 കോടി രൂപ വകയിരുത്തി. ബക്സറിൽ ഗംഗാനദിക്കു കുറുകെ പുതിയ രണ്ടുവരി പാലം നിർമിക്കും. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി 11,500 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് 2,400 മെഗാവാട്ട് പവർ പ്ലാന്റ്, ഗയയിൽ ഇൻഡസ്ട്രിയൽ കോറിഡോർ എന്നീ പദ്ധതികളും പ്രഖ്യാപിച്ചു.

ആന്ധ്രപ്രദേശ് സംസ്ഥാന പുനഃസംഘടന പ്രകാരം സംസ്ഥാനത്തിന് ഈ വർഷം പുതിയ തലസ്ഥാനം പ്രഖ്യാപിക്കേണ്ടതുണ്ട്. തലസ്ഥാന നഗര വികസനത്തിനായി 15,000 കോടി രൂപ ബജറ്റിൽ വകയിരുത്തി. നടപ്പു സാമ്പത്തിക വർഷം സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കും. പോളവാരം ജലസേചന പദ്ധതിയുടെ വികസനത്തിന് ഫണ്ട് അനുവദിക്കും. സംസ്ഥാനത്തെ റെയിൽ, റോഡ് ഗതാഗത വികസനത്തിനും പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.നേരത്തെ പ്രത്യേക സംസ്ഥാന പദവി വേണമെന്ന ആവശ്യവുമായി നിതീഷും നായിഡുവും കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കാൻ കേന്ദ്രം തയാറായില്ല. ഇതിനു പിന്നാലെയാണ് ബജറ്റിലൂടെ സന്തോഷിപ്പിക്കാനുള്ള നീക്കം.

andra pradesh Union Budget 2024 -25 bihar Chandrababu Naidu nitheesh kumar