‘കറുത്ത ബാഗിൽ ബോംബുണ്ട് ’: വിമാനങ്ങൾക്കു പിന്നാലെ ഹോട്ടലുകൾക്കും ബോംബ് ഭീഷണി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്ത് സന്ദർശനം നടത്തുന്ന ദിവസമായിരുന്നു ഭീഷണി.

author-image
Vishnupriya
New Update
ar

കൊൽക്കത്ത: തുടർച്ചയായി വിമാനങ്ങൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നതിനു പിന്നാലെ, മൂന്നു സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകൾക്കും ഭീഷണി. കൊൽക്കത്ത, തിരുപ്പതി, രാജ്കോട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകൾക്കാണ് ഇ–മെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

കൊൽക്കത്തയിലെ പത്തോളം ഹോട്ടലുകൾക്ക് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്ത് സന്ദർശനം നടത്തുന്ന ദിവസമായിരുന്നു ഭീഷണി. പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. വ്യാജ ഐഡിയിൽനിന്നാണ് സന്ദേശം ലഭിച്ചത്. ‘‘നിങ്ങളുടെ ഹോട്ടലിലെ താഴത്തെ നിലയിൽ ബോംബ് വച്ചിട്ടുണ്ട്. കറുത്ത ബാഗിലാണ് ബോംബ്. അത് ഉടൻ പൊട്ടിത്തെറിക്കും’’–ഇങ്ങനെയായിരുന്നു സന്ദേശമെന്ന് പൊലീസ് പറയുന്നു.

തിരുപ്പതിയിൽ മൂന്നു ഹോട്ടലുകൾക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയിൽ സന്ദേശങ്ങൾ വ്യാജമാണെന്ന് വ്യക്തമായി. രാജ്കോട്ടിലെ 10 ഹോട്ടലുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് രാജ്കോട്ട് ഡപ്യൂട്ടി കമ്മിഷണർ മാധ്യമങ്ങളോട് പറഞ്ഞു.

bomb threat indian hotels