ബെംഗളൂരുവില്‍ സ്വകാര്യ മെഡിക്കല്‍ കോളേജിലുണ്ടായ തീപ്പിടിത്തത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. എം.എസ്. രാമയ്യ മെഡിക്കല്‍ കോളേജിലാണ് തീപിടിത്തമുണ്ടായത്. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പുനലൂര്‍ സ്വദേശി സുജയ് സുജാതന്‍(34) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
കഴിഞ്ഞ രണ്ട് ആഴ്ചയായി സുജയ് ഇവിടെ ചികിത്സയിലായിരുന്നു. ഉച്ചയോടെ ആശുപത്രിയിലെ സി.സി.യു വാര്‍ഡില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപടര്‍ന്നത്. തീപിടിത്തത്തിന് പിന്നാലെയുണ്ടായ പുക ശ്വസിച്ചാണ് യുവാവ് മരിച്ചതെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.
ഇതുവരെ മൃതദേഹം കാണാന്‍ കുടുംബാംഗങ്ങളെ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. അതേസമയം, തീപ്പിടിത്തത്തില്‍ ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.