ഇന്ത്യന്‍ വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ പാക് ഭീകരര്‍ക്ക് നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസില്‍ ഹിന്ദു നാമങ്ങള്‍ നല്‍കിയത് വിവാദമായതോടെ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ മേധാവി മോണിക്ക ഷെര്‍ഗിലിനോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ വാര്‍ത്താ വിനിമയ മന്ത്രാലയം ആവശ്യപ്പെട്ടു. 'ഐസി 814: ദി കാണ്ഡഹാര്‍ ഹൈജാക്ക് ' എന്ന സീരീസ് ടെലികാസ്റ്റിംഗ് കഴിഞ്ഞയാഴ്ചയാണ് തുടങ്ങിയത്.
വിമാനം തട്ടിയെടുത്ത ഹര്‍കത്ത്ഉല്‍മുജാഹിദീന്‍ ഭീകരര്‍ക്ക് ഭോല, ശങ്കര്‍ എന്നീ ഹിന്ദു നാമങ്ങളാണ് നല്‍കിയത്. ജനവികാരത്തെ വിലകുറച്ച് കാണിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇന്ത്യയുടെ സംസ്‌കാരം എപ്പോഴും ബഹുമാനിക്കപ്പെടണമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അതേസമയം, ഭീകരര്‍ പരസ്പരം ആശയവിനിമയം നടത്തിയത് ഹിന്ദു അപരനാമങ്ങള്‍ ഉപയോഗിച്ചാണെന്നും അത് അതേപടി പകര്‍ത്തിയെന്നുമാണ് സംവിധായകന്‍ അനുഭവ് സിന്‍ഹയുടെ വിശദീകരണം. ചീഫ്, ഡോക്ടര്‍, ബര്‍ഗര്‍ എന്നീ അപരനാമങ്ങളും ഭീകരര്‍ ഉപയോഗിച്ചിരുന്നു. മാദ്ധ്യമപ്രവര്‍ത്തകന്‍ ശ്രിന്‍ജോയ് ചൗധരിയും അന്നത്തെ വിമാനത്തിന്റെ ക്യാപ്റ്റന്‍ ദേവി ശരണും ചേര്‍ന്നെഴുതിയ 'ഫ്‌ലൈറ്റ് ഇന്‍ടു ഫിയര്‍: ദി ക്യാപ്റ്റന്‍സ് സ്‌റ്റോറി' എന്ന പുസ്തകത്തെ ആധാരമാക്കി നിര്‍മ്മിച്ചതാണ് വെബ് സീരീസ്.
പാക് ഭീകരരായ ഇബ്രാഹിം അക്തര്‍, ഷഹീദ് അക്തര്‍ സയ്യിദ്, അഹമ്മദ് ക്വാസി, മിസ്ട്രി സഹൂര്‍ ഇബ്രാഹിം, ഷാക്കിര്‍ എന്നിവരാണ് 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിയെടുത്തത്. 150ലേറെ യാത്രക്കാരെ ബന്ദികളാക്കി ഭീകരര്‍ നടത്തിയ വിലപേശലിനെ തുടര്‍ന്ന് കൊടുംഭീകരന്‍ മസൂദ് അസര്‍ ഉള്‍പ്പെടെ 3 പേരെ ഇന്ത്യയ്ക്ക് ജയിലില്‍ നിന്ന് വിട്ടയയ്‌ക്കേണ്ടി വന്നു. ജമ്മുവിലെ കോട് ബല്‍വാല്‍ ജയിലിലായിരുന്നു മസൂദ്. ജയിലില്‍ തുരങ്കമുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. തുടര്‍ന്നാണ് കൂട്ടാളികള്‍ കാഠ്മണ്ഡു ഡല്‍ഹി വിമാനം റാഞ്ചിയത്