ന്യൂഡൽഹി: ബിജെപിയിലെ പ്രായപരിധി വിമർശനത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തീഹാർ ജയിലിൽ നിന്നിറങ്ങിയ കെജ്രിവാളിന്റെ മാനസിക നില തെറ്റിയെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
മനസ്സ് ശരിയാവാൻ കെജ്രിവാളിന് കുറച്ച് സമയം അനുവദിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.മാത്രമല്ല അണ്ണാ ഹസാരയെ കെജ്രിവാൾ എങ്ങനെയാണ് വഞ്ചിച്ചതെന്നും ഹിമന്ത ബിശ്വ ശർമ്മ ചോദിച്ചു. യോഗേന്ദ്ര യാദവ് , കുമാർ വിശ്വാസ് എന്നിവരെ കെജ്രിവാൾ ഒഴിവാക്കിയെന്നും അദ്ദേഹം വിമർശിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് പറഞ്ഞ അദ്ദേഹം ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് ബിജെപിയെന്നും പ്രതികരിച്ചു.75 വയസ് പിന്നിട്ടാൽ നരേന്ദ്ര മോദി പ്രധാനമന്ത്രി പദം ഒഴിയുമെന്നും അമിത് ഷാക്ക് വേണ്ടിയാണ് വോട്ട് ചെയ്യുന്നതെന്നുമായിരുന്നു ജയിൽ മോചിതനായ അരവിന്ദ് കെജ്രിവാളിന്റെ പരാമർശം.
തനിക്കെതിരെയുള്ള എല്ലാ നേതാക്കളെയും ഒഴിവാക്കുന്ന നടപടിയാണ് മോദി സ്വീകരിക്കുന്നത്.അദ്വാനി, മുരളി മനോഹർ ജോഷി, സുഷമ സ്വരാജ്, ശിവരാജ്‌സിങ് ചൗഹാൻ, രമൺ സിങ്, വസുന്ധര രാജെ സിന്ധ്യ തുടങ്ങിയവരെ മോദി ഒഴിവാക്കി.
ബി.ജെ.പിയിൽ 75 വയസ്സ് തികയുന്നവർ വിരമിക്കണമെന്ന ചട്ടമുണ്ടാക്കിയത് മോദിയാണ്. അങ്ങനെയെങ്കിൽ മോദിയും അടുത്ത വർഷം വിരമിക്കണം. അതിനുശേഷം ആരാണ് ബി.ജെ.പിയുടെ പ്രധാനമന്ത്രിയാവുകയെന്നും കെജ്രിവാൾ ചോദിച്ചു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ യോഗി ആദിത്യനാഥിന്റെ സ്ഥാനം തെറിക്കുമെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി.