ഷിംല: സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18 ല്‍ നിന്ന് 21 വയസ്സായി ഉയര്‍ത്തുന്ന ബില്‍ പാസാക്കി ഹിമാചല്‍ പ്രദേശ് നിയമസഭ. വര്‍ഷകാല സമ്മേളനത്തിലാണ് ശൈശവ വിവാഹ നിരോധന (ഹിമാചല്‍ പ്രദേശ് ഭേദഗതി) ബില്‍, 2024 ശബ്ദവോട്ടോടെ പാസാക്കിയത്. വനിതാ ശാക്തീകരണ മന്ത്രി ധനി റാം ഷാന്‍ഡിലാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്.
ലിംഗസമത്വത്തെയും ഉന്നത വിദ്യാഭ്യാസത്തെയും പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.സ്ത്രീകള്‍ എല്ലാ മേഖലയിലും മുന്നേറുകയാണ്. നേരത്തെയുള്ള വിവാഹങ്ങള്‍ അവരുടെ ഔദ്യോഗികജീവിതത്തെ മാത്രമല്ല, ശാരീരിക വളര്‍ച്ചയ്ക്കും തടസ്സമാകുന്നുണ്ട്. ലിംഗസമത്വവും ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരവും ഉറപ്പാക്കുന്നതിന് പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. അതിനാല്‍, 2006-ലെ ശൈശവ വിവാഹ നിരോധന നിയമവും മറ്റ് അനുബന്ധ നിയമങ്ങളും ഭേദഗതി ചെയ്യാനും പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 21 വയസ്സായി ഉയര്‍ത്താനും ബില്‍ നിര്‍ദേശിക്കുന്നു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി വര്‍ധിപ്പിക്കുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശെന്നും സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് എന്നും മുന്‍പന്തിയിലാണെന്നും മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് വ്യക്തമാക്കി.