ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യുന്നതിന് ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ. മൈസുരു അര്‍ബന്‍ വികസന അതോറിറ്റി (മുഡ) ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ താവര്‍ചന്ദ് ഗഹ്‌ലോത് അനുമതി നൽകിയിരുന്നു. എന്നാൽ, ഗവർണറുടെ നടപടി നിയമവിരുദ്ധവും തന്റെ പ്രതിച്ഛായയെ ബാധിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഗവർണറുടെ അനുമതിയിൽ സിദ്ധരാമയ്യയ്ക്കെതിരേ ഓഗസ്റ്റ് 29-വരെ യാതൊരു നടപടിയും ഉണ്ടാകാൻ പാടില്ലെന്ന് വിചാരണക്കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി.
സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് മുഡ, മൈസൂരുവില്‍ 14 പാര്‍പ്പിടസ്ഥലങ്ങള്‍ അനുവദിച്ചു നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. സഹോദരന്‍ മല്ലികാര്‍ജുന്‍ വാങ്ങി പാര്‍വതിക്കു നല്‍കിയതാണ് 3.16 ഏക്കര്‍ ഭൂമി. ഇത് മുഡ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ വിലയേറിയ സ്ഥലത്ത് പാര്‍പ്പിടസ്ഥലങ്ങള്‍ നല്‍കുകയും ചെയ്‌തെന്നാണ് പരാതി.
കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും. ഗവർണറുടെ നടപടി ഭരണത്തെ തടപ്പെടുത്താൻ വേണ്ടിയാണെന്നും ഇത് രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമാകുമെന്നും സിദ്ധരാമയ്യ കോടതിയിൽ ചൂണ്ടിക്കാട്ടി. മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വിയാണ് സിദ്ധരാമയ്യയ്ക്ക് വേണ്ടി ഹാജരായത്.