ന്യൂഡല്‍ഹി: കര്‍ഷകസമരത്തിന്റെ ഭാഗമായി അടച്ചിട്ട പഞ്ചാബിനും ഹരിയാനയ്ക്കുമിടയിലെ സിഘു അതിര്‍ത്തി തുറക്കാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി. ഹരിയാന സര്‍ക്കാരിനോടാണ് അതിര്‍ത്തി ഉടന്‍ തുറക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. അടച്ചിട്ട് അഞ്ചു മാസത്തിനു ശേഷമാണ് കോടതി നിര്‍ദേശം. പഞ്ചാബിലെ കര്‍ഷക സമരത്തിന്റെ ഭാഗമായി നടത്തിയ 'ഡല്‍ഹി ചലോ' മാര്‍ച്ച് തടയാനാണ് അതിര്‍ത്തി അടച്ചത്. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളെ രാജ്യതലസ്ഥാനത്തോടു ബന്ധിപ്പിക്കുന്ന ദേശീയപാത 44 ലാണു സിഘു അതിര്‍ത്തിയുള്ളത്.
ദേശീയപാത സ്ഥിരമായി അടച്ചിടുക പ്രായോഗികമല്ലെന്നു പറഞ്ഞ പഞ്ചാബ്-ഹരിയാന ഹൈക്കോടതി, ഏഴു ദിവസത്തിനകം നടപടി വേണമെന്നു ഹരിയാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിയമം പാലിക്കണമെന്നു കര്‍ഷകരോടു കോടതി പറഞ്ഞു. ഫെബ്രുവരി 10 നു സമരം ആരംഭിച്ചപ്പോള്‍ മുതല്‍ ഹരിയാന സര്‍ക്കാര്‍ അടച്ചിട്ട അതിര്‍ത്തി സംസ്ഥാനത്തെ കര്‍ഷകരെയും വ്യവസായികളെയും പ്രതികൂലമായി ബാധിക്കുമെന്നറിയിച്ചു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
അതിര്‍ത്തി അടച്ചത് ഹരിയാനയിലെ അംബാലയില്‍നിന്നുള്ള വ്യവസായികളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. 'ഡല്‍ഹി ചലോ' എന്ന പേരില്‍ സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെഎംഎം) തുടങ്ങി 17 സംഘടനകള്‍ ചേര്‍ന്നു നടത്തിയ കര്‍ഷകസമരം തടയാനാണ് അതിര്‍ത്തി അടച്ചിട്ടത്. തുടര്‍ന്നു കര്‍ഷക സംഘടനകള്‍ ഇവിടെ തടിച്ചുകൂടുകയും സമരം ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതിഷേധം കനത്തതോടെ പൊലീസ് കര്‍ഷകര്‍ക്കെതിരെ കണ്ണീര്‍വാതകം അടക്കം പ്രയോഗിച്ചിരുന്നു.