ന്യൂഡൽഹി: തകരാറിലായ ഹെലികോപ്റ്റർ എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ താഴെ വീണ് തകർന്നു. ഇന്ത്യൻ വ്യോമസേനയുടെ എംഐ 17 ഉപയോഗിച്ചാണ് ഹെലികോപ്റ്റർ എയർലിഫ്റ്റ് ചെയ്തത്. ടോവിങ് റോപ്പ് കൊണ്ട് ബന്ധിപ്പിച്ചായിരുന്നു തകരാറിലായ ഹെലികോപ്റ്റർ കൊണ്ടുപോയത്. എന്നാൽ, റോപ്പ് പൊട്ടിയതോടെ ഹെലികോപ്റ്റർ താഴെ വീഴുകയായിരുന്നു.
ഉത്തരാഖണ്ഡിലെ ഗൗച്ചർ എയർസ്ട്രിപ്പിലേക്ക് അറ്റകുറ്റപ്പണികൾക്കായി തകരാറിലായ ഹെലികോപ്റ്റർ കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. കേദാർനാഥ് ക്ഷേത്രത്തിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകുന്നതിന് ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററാണിത്. ലിഞ്ചോളിയിലെ മന്ദാകിനി നദിക്ക് സമീപമാണ് സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ തകർന്നുവീണത്.അപകടത്തിൽ ആളപായമില്ല. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.