മുംബൈ: കനത്ത മഴയെ തുടർന്ന് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. നിരവധി വിമാന സർവീസുകൾ വൈകുകയും റദ്ദാക്കുകയും ഹെയ്‌തു . ഏഴ് നദികൾ കരകവിഞ്ഞൊഴുകി. സിയോൺ, ചേമ്പൂർ, അന്ധേരി തുടങ്ങിയ വിവിധ പ്രദേശങ്ങളെ മഴ സാരമായി ബാധിച്ചു. കുടിവെള്ളവിതരണം നടത്താനുള്ള ജലം ശേഖരിക്കുന്ന വിഹാർ, മോദക്‌സാഗർ തടാകങ്ങളും കരകവിഞ്ഞൊഴുകി. നഗരത്തിൽ പലയിടത്തും ഗതാഗതം സ്തംഭിച്ചു.
വെള്ളം കയറിയതിനാൽ അന്ധേരി സബ് വേ അടച്ചിട്ടു. സംസ്ഥാനത്ത് നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പിംപ്രി ചിഞ്ച്‌വാഡിലെ റെസിഡൻഷ്യൽ അപാർട്ട്‌മെൻറുകളിൽ വെള്ളം കയറി. മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിലൂടെ നടന്ന മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. പുണെയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കയാണ്.
അതേസമയം, ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അറിയിച്ചു. സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണസേന, സംസ്ഥാന ദുരന്ത് നിവാരണ സേന എന്നിവയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കിൽ സൈന്യത്തിന്റെ സേവനം ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.