ചെന്നൈയില്‍ കനത്ത മഴ. ചൊവ്വാഴ്ച രാവിലെ മുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്. മഴയില്‍ റോഡുകള്‍ വെള്ളത്തിനടിയിലാണ്. അതിനൊപ്പം കനത്ത ഗതാഗത കുരുക്കിന്റെ പിടിയിലാണ് നഗരം. തുടര്‍ച്ചയായി പെയ്യുന്ന അതിശക്തമായ മഴയില്‍ ചെന്നൈ കോയമ്പേട്ടിലാണ് വെളളപ്പൊക്കം അതിരൂക്ഷം.
ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പട്ട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഈ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഐടി കമ്പനികളിലെ ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 18 വരെ വര്‍ക് ഫ്രം ഹോം അനുവദിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
അടുത്ത മൂന്നു ദിവസം തമിഴ്‌നാടിന്റെ വിവിധ ഇടങ്ങളില്‍ കനത്ത മഴയാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ 16 വരെ തീവ്ര, അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. 16 വരെ ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. തിങ്കളാഴ്ച നാരായണപുരം കായല്‍, അംബേദ്കര്‍ റോഡിലെ കനാല്‍ എന്നിവിടങ്ങളില്‍ നേരിട്ടെത്തി ഉപമുഖ്യമന്ത്രി നിരീക്ഷണം നടത്തി. സന്ദര്‍ശനത്തിനിടെ ഉദ്യോഗസ്ഥരുമായും ഉദയനിധി ചര്‍ച്ച നടത്തി.
കനത്ത മഴയെ തുടര്‍ന്ന് നേരത്തെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉന്നത തല യോഗം വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
കേരള തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
തമിഴ്നാട്ടിലെ തൂത്തുക്കുടി കന്യാകുമാരി തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കര്‍ണാടക തീരങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.
കേരളത്തിലും മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, യെലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയാണു പ്രവചിക്കുന്നത്.
15ന് മലപ്പുറം, കണ്ണൂര്‍, 16ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, 17ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും.
15ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട്, 16ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, 17ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, 18ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും.