നീലഗിരി: തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ തിരുനെൽവേലി സ്വദേശിയായ അശ്വിനെ (17) കാണാതായി.അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും ജില്ലാ ഭരണകൂട അധികൃതരും അശ്വിനായി തിരച്ചിൽ തുടരുന്നുണ്ട്. വെള്ളം കുതിച്ചെത്തിയതോടെ ഇവിടെയുണ്ടായിരുന്ന സഞ്ചാരികൾ ചിതറിയോടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അപകടസാധ്യത മുന്നിൽക്കണ്ട് വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശംനൽകിയിട്ടുണ്ട്. ഊട്ടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്ര മേയ് 18 മുതൽ 20 വരെ ഒഴിവാക്കണമെന്ന് നീലഗിരി ജില്ലാ കലക്ടർ എം. അരുണ അറിയിച്ചു.
അതേസമയം, തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ കനത്തമഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നീലഗിരി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ 456 ദുരിതാശ്വാസ കേന്ദ്രങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.