അതിതീവ്ര ഉഷ്ണതരംഗം, റിമാല്‍ ചുഴലിക്കാറ്റ്, മണ്‍സൂണ്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. താപനില കുത്തനെ ഉയര്‍ന്നതോടെ തീപിടിത്തം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൃത്യമായ പരിശീലനം വേണമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.
ആശുപത്രികളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഫയര്‍ ഓഡിറ്റും ഇലക്ട്രിക്കല്‍ സുരക്ഷ ഓഡിറ്റും നടത്തണം. വനങ്ങളിലെ ഫയര്‍ ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മിസോറം, അസം, മണിപ്പൂര്‍, മേഘാലയ, ത്രിപുര എന്നിവിടങ്ങളിലെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മനുഷ്യജീവന്‍ നഷ്ടപ്പെട്ടതും വീടുകള്‍ക്കും വസ്തുവകകള്‍ക്കും നാശനഷ്ടമുണ്ടായതും ചര്‍ച്ചയായി.
പുനരുദ്ധാരണത്തിന് ആവശ്യമായ സഹായം നല്‍കാന്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും വിഷയം പതിവായി അവലോകനം ചെയ്യാനും പ്രധാനമന്ത്രി ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.മൂന്ന് ദിവസം കൊണ്ട് നിലവിലെ അത്യുഷ്ണം കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഡല്‍ഹിയിലും രാജസ്ഥാനിലും അന്തരീക്ഷ താപനില നേരിയ തോതില്‍ കുറഞ്ഞെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ ശരാശരി ചൂട് 45 ഡിഗ്രിക്ക് മുകളില്‍ തുടരുകയാണ്.